മാധവിക്കുട്ടിയായി നയൻതാരയെ സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല ; കമൽ
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ‘ആമി’ എന്ന സിനിമയെക്കുറിച്ചുള്ള കൗതുകകരമായ വെളിപ്പെടുത്തലുമായി സംവിധായകൻ. ‘വനിത’ക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധികളെക്കുറിച്ചും നടിമാരുടെ മാറ്റങ്ങളെക്കുറിച്ചും കമൽ മനസ്സ് തുറന്നത്.
ആദ്യം വിദ്യാബാലനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അവർ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് നിർമാതാക്കൾ വലിയ തുക മുടക്കിക്കഴിഞ്ഞ സാഹചര്യത്തിലും സാറ്റ്ലൈറ്റ് ഉൾപ്പെടെയുള്ള ബിസിനസ്സ് സുഗമമാക്കുന്നതിനും പ്രശസ്തയായ മറ്റൊരു താരത്തെ കണ്ടെത്തേണ്ടി വന്നു. അങ്ങനെയാണ് നയൻതാരയിലേക്ക് എത്തുന്നതും മേക്കപ്പ് ടെസ്റ്റുകൾ പൂർത്തിയാക്കുന്നതും. എന്നാൽ, മാധവിക്കുട്ടിയുടെ വേഷം ചെയ്യാനുള്ള ആത്മവിശ്വാസമില്ലെന്ന് നയൻതാര തന്നെ അറിയിക്കുകയായിരുന്നുവെന്ന് കമൽ വ്യക്തമാക്കി. തനിക്കും ആ വേഷത്തിൽ നയൻതാരയെ പൂർണ്ണമായി സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായകിയെ കണ്ടെത്താനാകാതെ ചിത്രീകരണം അനിശ്ചിതമായി നീളേണ്ടി വന്നത് തന്റെ സിനിമാജീവിതത്തിൽ തന്നെ ആദ്യത്തെ അനുഭവമായിരുന്നുവെന്ന് സംവിധായകൻ ഓർക്കുന്നു. ഒടുവിൽ പ്രൊഡ്യൂസറുടെ കൂടി നിർബന്ധപ്രകാരം ആ ചുമതല മഞ്ജു വാര്യരിലേക്ക് എത്തുകയായിരുന്നു. മഞ്ജുവിന് ആ കഥാപാത്രം മികച്ച രീതിയിൽ ചെയ്യാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നു. താൻ വിളിച്ചയുടനെ ‘വിദ്യാബാലൻ പിന്മാറിയല്ലേ’ എന്നായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ ചോദ്യമെന്നും കമൽ പറഞ്ഞു.