തിയേറ്ററിലെ ഭക്ഷണരീതിക്കെതിരെ തുറന്ന് പറഞ്ഞ് മാധവൻ
തിയേറ്ററിനുള്ളിലിരുന്ന് സിനിമ കാണുന്നതിനിടയിൽ ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്ന രീതിക്കെതിരെ നടൻ ആർ. മാധവൻ. നിങ്ങൾക്ക് ലഞ്ചോ ഡിന്നറോ കഴിക്കണമെങ്കിൽ റസ്റ്റോറന്റിലേക്കാണ് പോകേണ്ടതെന്നും അല്ലാതെ തിയേറ്ററിലേക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജി.ഡി.എൻ’ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവേയാണ് താരം തിയേറ്ററുകളിലെ ഈ പുതിയ പ്രവണതയ്‌ക്കെതിരെ രംഗത്തെത്തിയത്.
ഇന്നത്തെ കാലത്ത് ഒരു കുടുംബത്തെ മുഴുവൻ തിയേറ്ററിലേക്ക് എത്തിക്കുമ്പോൾ, സിനിമ കാണുന്നതിനിടയിൽ ആരോ പാനിപൂരി ഓർഡർ ചെയ്യുകയും അത് കൊണ്ടുവന്നു കൊടുക്കുകയും ചെയ്യുന്നത് വെറും മണ്ടത്തരമാണെന്ന് മാധവൻ വ്യക്തമാക്കി. സിനിമ മോശമാണെങ്കിൽക്കൂടി ഇത്തരം കാര്യങ്ങൾ പ്രേക്ഷകരെ കൂടുതൽ അസ്വസ്ഥരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മുൻപ് ‘അലൈപായുതേ’ റിലീസ് ചെയ്തപ്പോൾ റിവ്യൂ അറിയാൻ ഒരാഴ്ച കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നും, എന്നാൽ ഇന്ന് സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ അവലോകനങ്ങൾ വരുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധവനെ കൂടാതെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളായ സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയ വമ്പൻ താരനിര തന്നെ ‘ജി.ഡി.എൻ’ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാർ രാമകുമാർ തന്നെയാണ്. 2022-ൽ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.