മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവുമായി ലിസിയും പ്രിയദർശനും
മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പേട്രിയേറ്റ്. സിനിമയുടെ ഡബ്ബിങ് മമ്മൂട്ടി പൂർത്തിയാക്കി. കൊച്ചിയിലെ 'ലേ മാജിക് ലാന്റൺ' സ്റ്റുഡിയോയിലെത്തിയാണ് മമ്മൂക്ക ഡബ്ബിങ് പൂർത്തിയാക്കിയത്. നടി ലിസിയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ലിസിയുടെയും പ്രിയദർശന്റെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള ചിത്രമായ പേട്രിയറ്റിന്റെ വോയിസ് റെക്കോർഡിംഗിനായി ലെ മാജിക് ലാന്റേണിൽ ഇതിഹാസമായ പത്മഭൂഷൺ മമ്മൂട്ടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിൽ അതിയായ സന്തോഷമുണ്ട്. മമ്മൂക്ക എക്കാലത്തെയും പോലെ ആകർഷകമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവലയവും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ 30-കളിലെന്നപോലെ കാലാതീതമാണ്. പേട്രിയറ്റിന്റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു,' ലിസി കുറിച്ചു.
മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്.