'ലോ ആന്റ് ഓഡർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

 

 മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ 'ലോ ആന്റ് ഓഡർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 'തുടരും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി, സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന ഈ ചിത്രം ജൂലൈ 24-ന് തിയറ്ററുകളിൽ എത്തും. പോസ്റ്റർ പുറത്തിറങ്ങിയതോടെ വലിയൊരു താരനിരയെ അണിനിരത്തുന്ന ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയാണ്. ആകർഷകമായ പ്ലോട്ടും ഉദയ് കൃഷ്ണയുടെ ആക്ഷൻ-ത്രില്ലർ ശൈലിയും ചേരുമ്പോൾ ചിത്രം ഒരു മികച്ച എന്റർടൈനറായിരിക്കുമെന്നാണ് പ്രതീക്ഷ. മലയാള സിനിമയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ അണിയറയിൽ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ നീണ്ട നിരതന്നെയുണ്ട്.

അഭിരാമി, റിനോഷ് ജോർജ്ജ്, ജോണി ആന്റണി, ജോയ് മാത്യു, ഭീമൻ രഘു, സുരേഷ് കൃഷ്ണ, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, സാബു മോൻ, നന്ദു തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം നൽകുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് മറ്റൊരു കരുത്താകും.