‘വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്, വിമാനങ്ങൾ തലക്ക് മുകളിലൂടെ പറക്കുന്നു’ ; ഭയാനകമായ അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ലാറ ദത്ത  

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം ലാറ ദത്ത ഭൂപതിയും മകൾ സൈറയും ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
 

 പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം ലാറ ദത്ത ഭൂപതിയും മകൾ സൈറയും ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ലാറ താൻ നേരിടുന്ന സാഹചര്യം വിവരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ദുബൈ തന്റെ രണ്ടാമത്തെ വീടാണെന്നും യുദ്ധം ആരംഭിച്ച സമയം മുതൽ താൻ അവിടെയുണ്ടെന്നും ലാറ പറഞ്ഞു.

ഫെബ്രുവരി 28ന് ദുബൈയിലെ ഒരു സ്റ്റുഡിയോയിൽ ചിത്രീകരണത്തിലായിരുന്നപ്പോൾ ഉണ്ടായ ഭയാനകമായ അനുഭവത്തെക്കുറിച്ച് ലാറ പറഞ്ഞു. ‘ഞങ്ങൾ സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ തലക്ക് മുകളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ ആകാശത്ത് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങളാൽ തകർക്കപ്പെടുന്നത് കണ്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. വിമാനങ്ങൾ തലക്ക് മുകളിലൂടെ പറക്കുന്നു, വലിയ ശബ്ദങ്ങൾ കേൾക്കുന്നു. ഇത് ശരിക്കും പേടിപ്പെടുത്തുന്നതാണ്’ ലാറ പറഞ്ഞു. ലാറയുടെ ഭർത്താവും മുൻ ടെന്നീസ് താരവുമായ മഹേഷ് ഭൂപതി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി പുറത്തായതിനാൽ ഈ സമയത്ത് ലാറയും മകളും മാത്രരമാണ് അവിടെയുള്ളത്.

സാഹചര്യം ഭയാനകമാണെങ്കിലും യു.എ.ഇയിൽ തങ്ങൾ ഒരിടത്തും സുരക്ഷിതരല്ലെന്ന് തോന്നിയിട്ടില്ലെന്ന് ലാറ വ്യക്തമാക്കി. ‘ഞങ്ങൾ താമസിക്കുന്ന വില്ലയിലെ ജനലുകളും വാതിലുകളും ശബ്ദത്തോടെ വിറക്കുന്നുണ്ട്. എങ്കിലും യു.എ.ഇ സർക്കാർ ഞങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നു. ഏത് രാജ്യക്കാരനാണെന്ന് നോക്കാതെ ഓരോരുത്തർക്കും സുരക്ഷ ഉറപ്പാക്കാൻ അവർ ശ്രമിക്കുന്നുണ്ട്’ ലാറ കൂട്ടിച്ചേർത്തു. ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എത്തിക്കുന്ന ഡെലിവറി ബോയ്സ് ഇപ്പോഴും ജോലി ചെയ്യുന്നു. ഈ രാജ്യം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്ന ഇത്തരം സാധാരണക്കാരോട് എനിക്ക് വലിയ ബഹുമാനമുണ്ടെന്നും ലാറ പറഞ്ഞു.

മുംബൈയിലേക്ക് മടങ്ങാനുള്ള വിമാനങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ലാറ പറഞ്ഞു. മകൾ വലിയ പേടിയിലാണെന്നും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു. പാകിസ്താനെതിരായ 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇന്ത്യ പൗരന്മാരെ സംരക്ഷിച്ചതുപോലെയാണ് ഇപ്പോൾ യു.എ.ഇ പെരുമാറുന്നതെന്നും ലാറ ചൂണ്ടിക്കാട്ടി. ‘ഒരു സാധാരണ പൗരനും യുദ്ധഭീതിയിൽ കഴിയേണ്ടി വരരുത്. എത്രയും വേഗം സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ലാറ വിഡിയോ അവസാനിപ്പിച്ചത്.