ലാലേട്ടനല്ലാതെ വേറാര് ? 'അന്യഭാഷാ താരങ്ങൾ വേണ്ട, നമുക്കിവിടെ ഒരാളുണ്ടല്ലോ'; ലെജൻഡ് ഹാങ്ഔട്ടിലെ മമ്മൂട്ടിയുടെ വാക്കുകൾ വൈറൽ

മ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റി'ന്റെ പ്രമോഷന്റെ ഭാഗമായി ജിയോ ഹോട്ട്‌സ്റ്റാർ പുറത്തിറക്കിയ 'ലെജൻഡ് ഹാങ്ഔട്ട്' വീഡിയോ വൈറലാകുന്നു. മമ്മൂട്ടി, മോഹൻലാൽ, സംവിധായകൻ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, സുഷിൻ ശ്യാം, രാജീവ് മേനോൻ തുടങ്ങിയവർ പങ്കെടുത്ത വീഡിയോയിലെ രസകരമായ സംഭാഷണങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
 

കൊച്ചി :  മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റി'ന്റെ പ്രമോഷന്റെ ഭാഗമായി ജിയോ ഹോട്ട്‌സ്റ്റാർ പുറത്തിറക്കിയ 'ലെജൻഡ് ഹാങ്ഔട്ട്' വീഡിയോ വൈറലാകുന്നു. മമ്മൂട്ടി, മോഹൻലാൽ, സംവിധായകൻ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, സുഷിൻ ശ്യാം, രാജീവ് മേനോൻ തുടങ്ങിയവർ പങ്കെടുത്ത വീഡിയോയിലെ രസകരമായ സംഭാഷണങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമയുടെ ആലോചന മുതൽ ചിത്രീകരണ വേളയിലെ വിവിധ അനുഭവങ്ങൾ വരെ താരങ്ങൾ വീഡിയോയിൽ പങ്കുവെക്കുന്നു. മോഹൻലാൽ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് മമ്മൂട്ടി പറയുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തത്.

പേട്രിയറ്റിനെ ഒരു നാഷണൽ സിനിമയാക്കാൻ മറ്റ് ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളെ നോക്കിയാലോ എന്ന് തങ്ങൾ ആലോചിച്ചിരുന്നുവെന്നും എന്നാൽ ഇവിടെ ഒരാളുണ്ടല്ലോ, അദ്ദേഹത്തോട് സംസാരിച്ച് നോക്കാം എന്നാണ് മമ്മൂട്ടി വീഡിയോയിൽ പറയുന്നത്. ലാലു അവതരിപ്പിക്കുന്ന കഥാപാത്രം സിനിമയിൽ അത്രമേൽ പ്രധാനപ്പെട്ടതാണെന്നും ഒരു ഘട്ടം കഴിഞ്ഞാൽ കഥ മുന്നോട്ട് പോകാൻ ഈ കഥാപാത്രം വേണമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. മോഹൻലാലിന് ഹൈപ്പ് നൽകുന്നതിൽ മമ്മൂട്ടിയോളം വരില്ല മറ്റാരും എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. സൂപ്പർസ്റ്റാറുകൾക്കിടയിലെ ഈ പരസ്പര ബഹുമാനവും സൗഹൃദവും മലയാളികൾക്ക് വലിയ സന്തോഷമാണ്.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 56-ാമത് ചിത്രമാണ് 'പേട്രിയറ്റ്'. നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രയിലർ ഇതിനോടകം തന്നെ റെക്കോഡ് കാഴ്ചക്കാരുമായി ട്രൻഡിങ്ങിലാണ്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.