ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ ലാലേട്ടനാണ്, അതുപോലെ വേറൊരു ആളില്ല ; താരതമ്യം ചെയ്യരുതെന്ന് നിവിന്‍ പോളി
'മോഹന്‍ലാലിനെയും എന്നെയും തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്തരുത്.
ഞാന്‍ അഭിനയം പഠിച്ച ആളൊന്നുമല്ല. ഞാന്‍ ചെയ്ത സിനിമകളുടെ സംവിധായകര്‍ എനിക്കു കാണിച്ചുതന്ന വഴികളിലൂടെ പോയ ഒരാളാണ്.
നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. മാര്‍ച്ച് 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സര്‍വ്വം മായ എന്ന ചിത്രത്തിലൂടെ നിവിന്‍ വീടിനും ബോക്‌സ് ഓഫീസില്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. അടുത്തിടെ മോഹന്‍ലാലുമായി താരതമ്യപ്പെടുത്തിയുള്ള നടന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു, ഇതിനോട് പ്രതികരിക്കുകയാണ് നിവിന്‍. മോഹന്‍ലാലിനെയും തന്നെയും തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്ന് പ്രതിഛായ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കവരെ നിവിന്‍ പറഞ്ഞു.
'മോഹന്‍ലാലിനെയും എന്നെയും തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്തരുത്. കാരണം ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ ലാലേട്ടനാണ്. അതുപോലെ വേറൊരു ആളില്ല. അഭിനയം വളരെ കാഷ്വല്‍ ആയി എടുക്കുന്നയാളാണ് ഞാന്‍. തുടക്കം മുതലേ ഞാന്‍ അങ്ങനെ ശീലിച്ചതാണ്. ഞാന്‍ അഭിനയം പഠിച്ച ആളൊന്നുമല്ല. ഞാന്‍ ചെയ്ത സിനിമകളുടെ സംവിധായകര്‍ എനിക്കു കാണിച്ചുതന്ന വഴികളിലൂടെ പോയ ഒരാളാണ്. ഞാന്‍ ആ കാഷ്വല്‍ രീതിയിലാണ് ഇതിനെ എടുക്കാറ്.
ഒരു സിനിമ തുടങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒരുപാട് തയ്യാറെടുപ്പുകളോ തലേന്ന് ഇരുന്ന് ഡയലോഗ് പഠിക്കുകയോ ഒന്നും ഞാന്‍ ചെയ്യാറില്ല. ഞാന്‍ നേരെ സെറ്റില്‍ പോകുന്നു, സ്‌ക്രിപ്റ്റ് വായിക്കുന്നു. എന്താണോ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നു. അത് തിരുത്തി തരാന്‍ ഒരു സംവിധായകന്‍ അവിടെയുണ്ടെന്ന ബോധം എനിക്കുണ്ട്. ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ സംവിധായകന്‍ വന്നിട്ട് പറയും, നിവിന്‍ ഇത് കുറച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റി ചെയ്യൂ എന്ന് പറയും.
കുറച്ചു ദിവസം വര്‍ക്ക് ചെയ്ത് കഴിയുമ്പോള്‍ ഞാന്‍ എങ്ങനെയാണ് ആ കഥാപാത്രത്തെ കാണുന്നതെന്നും സംവിധായകന്‍ എങ്ങനെയാണ് കാണുന്നതെന്നും എനിക്ക് മനസിലാകും. എനിക്ക് അത് രണ്ടും തമ്മിലൊരു ലൈന്‍ വരക്കാന്‍ പറ്റും. പിന്നെ ആ ലൈനിലൂടെ പോവുക എന്നുള്ളതാണ്. അത് ഫിക്‌സ് ആയി കഴിഞ്ഞാല്‍ പിന്നെ ഞാന്‍ അങ്ങനെ ടെന്‍ഷന്‍ എടുക്കാറില്ല അഭിനയിക്കുന്ന സമയത്ത്', നിവിന്‍ പോളി പറഞ്ഞു.