കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഔട്ട്‌റീച്ച് പ്രോഗ്രാം: 'സിനിമയുടെ പെൺകാലങ്ങൾ' ചലച്ചിത്രോത്സവത്തിന് ഫെബ്രുവരി 6-ന് തൃശൂരിൽ തുടക്കമാകും

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഔട്ട്‌റീച്ച് പ്രോഗ്രാമായ 'കല, കാലം, കലാപം' പരമ്പരയുടെ ഭാഗമായി നടത്തുന്ന  ചലച്ചിത്രോത്സവത്തിന് തൃശൂരിൽ നാളെ (06.02.2026) തുടക്കമാകു.
 

തൃശൂർ: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഔട്ട്‌റീച്ച് പ്രോഗ്രാമായ 'കല, കാലം, കലാപം' പരമ്പരയുടെ ഭാഗമായി നടത്തുന്ന  ചലച്ചിത്രോത്സവത്തിന് തൃശൂരിൽ നാളെ (06.02.2026) തുടക്കമാകു. ഫെബ്രുവരിയിൽ  തൃശൂർ, വയനാട് ജില്ലകളിലായി സംഘടിപ്പിക്കുന്ന പരിപാടികളിൽ ആദ്യത്തേത് ഫെബ്രുവരി 6, 7 തീയതികളിൽ തൃശൂർ 'കില'യിൽ  നടക്കും. കിലയുടെയും കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെയും (കെ എസ് എഫ് ഡി സി) സഹകരണത്തോടെയാണ് 'സിനിമയുടെ പെൺകാലങ്ങൾ' എന്ന പേരിൽ  ചലച്ചിത്രോത്സവവും സെമിനാറും സംഘടിപ്പിക്കുന്നത്.

 വനിതാപ്രമേയ ചലച്ചിത്രങ്ങളുടെ പ്രദർശനം, സെമിനാറുകൾ, ചർച്ചകൾ, ചലച്ചിത്ര സംവിധായകരുമായുള്ള അഭിമുഖങ്ങൾ എന്നിവയാണ്  ദിവസങ്ങളിലായി ഒരുക്കിയിട്ടുള്ളത്. ഫെബ്രുവരി 6-ന് വൈകീട്ട് മുന്നരയ്ക്ക്  കില ഡയറക്ടർ ജനറൽ നിസാമുദ്ധീൻ എ. ഐ.എ.എസ് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. കില അസിസ്റ്റന്റ് ഡയറക്ടർ ഡോ. അമൃത കെ.പി.എൻ സ്വാഗതവും കില രജിസ്ട്രാർ സുമേഷ് കെ.ആർ ആമുഖ പ്രഭാഷണവും നടത്തും. ഔട്ട് റീച്ച് പ്രോഗ്രാമിന്റെ സ്പെഷ്യൽ ക്യുറേറ്റർ കേളി രാമചന്ദ്രൻ കാര്യപരിപാടികൾ വിശദീകരിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ 'സ്ത്രീകളും സിനിമാമേഖല എന്ന തൊഴിലിടവും' എന്ന വിഷയത്തിൽ ആശ അച്ചി ജോസഫും 'പെൺ പാട്ടുവഴികൾ' എന്ന വിഷയത്തിൽ സി.എസ് മീനാക്ഷിയും പ്രബന്ധങ്ങൾ അവതരിപ്പിക്കും. സന്തോഷ് കുമാർ കെ.സി മോഡറേറ്ററാകുന്ന ചടങ്ങിൽ 'ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിന്റെ സംവിധായിക ശ്രുതി ശരണ്യവുമായി മുഖാമുഖം പരിപാടിയും നടക്കും.

 വൈകീട്ട് ആറരയ്ക്ക് ചിത്രത്തിന്റെ പ്രദർശനവും തുടർന്ന് സംവിധായികയുമായുള്ള അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്.ഫെബ്രുവരി 7-ന്  വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സെമിനാറിൽ ഡോ. പി. ഗീത (സ്ത്രീ: വെള്ളിത്തിരക്കകത്തും പുറത്തും), ഡോ. വിനീത എം. (മലയാള സിനിമയിലെ സ്ത്രീ ബന്ധങ്ങൾ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. അമൃത് രാജ് ആർ.എം മോഡറേറ്ററാകുന്ന സെഷനിൽ 'വിക്ടോറിയ' എന്ന ചിത്രത്തിന്റെ സംവിധായിക ശിവരഞ്ജിനിയുമായി മുഖാമുഖം സംഘടിപ്പിക്കും. ആറരയ്ക്കാണ് സിനിമ പ്രദർശനം. റിസ്മിയ ആർ.ഐ നന്ദി പ്രകാശിപ്പിക്കും.