‘ഖലീഫ’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന വൻകിട ചിത്രം ‘ഖലീഫ’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘രാഘവൻ’ എന്ന ശക്തമായ കഥാപാത്രമായാണ് ചിത്രത്തിൽ ഷമ്മി തിലകൻ എത്തുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘അസലായവളെ’ എന്ന ഗാനം ഇതിനോടകം തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. വൻ പ്രതീക്ഷകളോടെ ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി പ്രേക്ഷകർ വലിയ കാത്തിരിപ്പിലാണ്.
ദുബായിൽ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ച ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്ക്കൽ ആമിർ അലി’യായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥി കഥാപാത്രമായി മോഹൻലാലും ചിത്രത്തിൽ എത്തും. മാളവിക ശർമ്മ നായികയായി അരങ്ങേറുന്ന മലയാള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു.