പറഞ്ഞതിലും മുൻപെ ഒടിടിയിൽ എത്തി കളങ്കാവൽ
പറഞ്ഞതിലും മുൻപെ ഒടിടിയിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ കളങ്കാവൽ. ഇന്നലെ അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രം അതിന് മുൻപ് തന്നെ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇപ്പോൾ സോണി ലിവിൽ കാണാം.
പ്രതിനായകനായ സ്റ്റാൻലി എന്ന വേഷത്തിൽ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു മമ്മൂട്ടി എത്തിയത്. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമ സംവിധാനം ചെയ്തത് ജിതിൻ കെ ജോസാണ്. ഇതുവരെ മമ്മൂട്ടി അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. ഡിസംബർ 5 നാണ് തിയേറ്ററുകളിലെത്തിയത്.
സ്ത്രീകളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്റ്റാൻലി ദാസിന്റെയും ആ കൊലപാതക ശൃംഖല അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്. റിലീസ് ചെയ്ത് ആദ്യ ഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച കളങ്കാവൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യദിനം 15.7 കോടി രൂപയായിരുന്നു ആഗോളതലത്തിൽ ചിത്രം കൊയ്തത്.