കുതിപ്പ് തുടരുന്ന കളങ്കാവൽ; മൂന്നാം ഞായറാഴ്ചയും ഗംഭീര പ്രേക്ഷക പിന്തുണ
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിൻ്റെ ഗംഭീര വിജയം തുടരുന്നു. റിലീസ് ചെയ്ത് പതിനേഴാം ദിവസവും വമ്പൻ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലുടനീളം മികച്ച ബുക്കിംഗ് ലഭിച്ച ചിത്രം, ഹൗസ്ഫുൾ ഷോകളുമായാണ് മൂന്നാമത്തെ ഞായറാഴ്ചയും പ്രദർശനം തുടർന്നത്. മലയാള സിനിമാ പ്രേമികൾ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.
ഡിസംബർ 5 ന് ആഗോള റിലീസായി എത്തിയ ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര വിജയമാണ് നേടിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. 17 ദിവസം കൊണ്ട് 80 കോടി ആഗോള ഗ്രോസ് പിന്നിട്ട ചിത്രം ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രമാണ്. 50 കോടി ക്ലബിൽ എത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ഗൾഫിലും ബ്ലോക്ക്ബസ്റ്റർ ബോക്സ് ഓഫീസ് പ്രകടനം നടത്തിയ ചിത്രം, വമ്പൻ നിരൂപക പ്രശംസയും സ്വന്തമാക്കി.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് സമ്മാനിക്കുന്ന കളങ്കാവൽ, അദ്ദേഹത്തിൻ്റെ പ്രതിനായക വേഷങ്ങളുടെ നിരയിൽ മുന്നിട്ട് നിൽക്കുന്നു. ചിത്രത്തിൽ പോലീസ് ഓഫീസർ ആയ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. വലിയ സാങ്കേതിക നിലവാരം പുലർത്തുന്ന ചിത്രത്തിലെ ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച വിജയമാണ് ചിത്രം നേടിയത്.