വിജയ കുതിപ്പിൽ കളങ്കാവൽ
മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവൽ രണ്ടാം വാരത്തിലും വൻ വിജയം നേടുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ചയും ഗംഭീര ബുക്കിംഗ് ആണ് കേരളത്തിലുടനീളം ലഭിച്ചത്. രണ്ടാം വാരത്തിൽ കേരളത്തിലെ 300ൽ പരം സ്‌ക്രീനുകളിലാണ് കളങ്കാവൽ പ്രദർശിപ്പിക്കുന്നത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ക്രൈം ത്രില്ലർ ഡ്രാമയാണ്. ജിഷ്ണു ശ്രീകുമാറും ജിതിനും ചേർന്നാണ് തിരക്കഥ രചിച്ചത്.
മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറെർ ഫിലിംസ് ആണ് വിതരണം ചെയ്തത്. മമ്മൂട്ടി, വിനായകൻ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ 50 കോടി ക്ലബിൽ എത്തിയ ചിത്രം, ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.