‘ഇന്ത്യൻ 2’ സെറ്റിലെ ക്രെയിൻ അപകടം ; അത്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ച് കാജൽ അഗർവാൾ
കമൽ ഹാസൻ നായകനായ ‘ഇന്ത്യൻ 2’ ചിത്രത്തിന്റെ സെറ്റിലുണ്ടായ ദാരുണമായ ക്രെയിൻ അപകടത്തിൽ താൻ അത്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ച് നടി കാജൽ അഗർവാൾ വെളിപ്പെടുത്തി. നൂറു അടി ഉയരമുള്ള ക്രെയിൻ തന്റെ നേർക്ക്
കമൽ ഹാസൻ നായകനായ ‘ഇന്ത്യൻ 2’ ചിത്രത്തിന്റെ സെറ്റിലുണ്ടായ ദാരുണമായ ക്രെയിൻ അപകടത്തിൽ താൻ അത്ഭുതകരമായി രക്ഷപ്പെട്ടതിനെക്കുറിച്ച് നടി കാജൽ അഗർവാൾ വെളിപ്പെടുത്തി. നൂറു അടി ഉയരമുള്ള ക്രെയിൻ തന്റെ നേർക്ക് പാഞ്ഞുവന്നെന്നും ആ അപകടത്തിൽ ആദ്യം മരിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും താരം ഓർത്തെടുത്തു. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അപകടം നടന്ന രാത്രിയിലെ ഭയാനകമായ അനുഭവങ്ങൾ കാജൽ പങ്കുവെച്ചത്.
ഒരു വലിയ ആക്ഷൻ രംഗത്തിന്റെ രാത്രി ചിത്രീകരണത്തിനിടെ മോണിറ്ററിന് പിന്നിലെ ടെന്റിൽ ഇരിക്കുകയായിരുന്നു അഭിനേതാക്കൾ. 80 വയസ്സുള്ള വൃദ്ധയായി അഭിനയിക്കാൻ പ്രോസ്തെറ്റിക് മേക്കപ്പിലായിരുന്ന താൻ, പെട്ടെന്ന് എല്ലാവരും ഭയന്നോടാൻ തുടങ്ങിയപ്പോൾ കാര്യമറിയാതെ കൂടെ ഓടുകയായിരുന്നുവെന്ന് കാജൽ പറഞ്ഞു. വെപ്രാളത്തിൽ ഒരു കൺസോൾ ടേബിളിൽ തട്ടി വീഴാൻ പോയ താരം, പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോഴാണ് 100 അടി ഉയരമുള്ള ക്രെയിൻ തന്റെ നേർക്ക് വരുന്നതാണ് കണ്ടത്. പെട്ടെന്നുണ്ടായ ഈ കാഴ്ചയിൽ ഭയം കാരണം താൻ പൂർണ്ണമായി മരവിച്ചുപോയെന്ന് അവർ ഓർത്തെടുത്തു.
എന്നാൽ ആ നിർണായക നിമിഷത്തിൽ ഏതോ ഒരു ദിവ്യഹസ്തം തന്നെ ടെന്റിൽ നിന്ന് പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നുവെന്നും ക്രെയിൻ തന്റെ തൊട്ടടുത്താണ് പതിച്ചതെന്നും കാജൽ വ്യക്തമാക്കി. അപകടത്തിന് ശേഷം താൻ പേടിച്ച് വിറച്ചുനിൽക്കുകയായിരുന്നുവെന്നും ചുറ്റും ആരും ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സെറ്റിലുണ്ടായ ഈ വലിയ ദുരന്തത്തിൽ അസിസ്റ്റന്റ് ഡയറക്ടറും ടെക്നീഷ്യൻമാരും ഉൾപ്പെടെ മൂന്ന് അണിയറപ്രവർത്തകർ ജീവൻ നഷ്ടപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിൽ 2020 ഫെബ്രുവരിയിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്.