'കൈതി 2 വിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല', ഒടുവിൽ കാർത്തിയും കയ്യൊഴിഞ്ഞു

 

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞ് നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ രണ്ടാം ഭാഗത്തിനെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണ് ആരാധകരെ നിരാശരാക്കുന്നത്.

കൈതി 2 വിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നായിരുന്നു കാർത്തിയുടെ മറുപടി. കാർത്തിയുടെ പുതിയ സിനിമയായ വാ വാതിയാറിൻ്റെ പ്രൊമോഷനിടെ സംസാരിക്കുന്നതിനിടയിലാണ് കൈതി രണ്ടാം ഭാഗത്തിനെക്കുറിച്ച് നടൻ മനസുതുറന്നത്‌. കാർത്തിയുടെ ഈ വാക്കുകൾക്ക് പിന്നാലെ നിരാശയിലാണ് സിനിമയുടെ ആരാധകർ. ലോകേഷിന് ഇതെന്ത് പറ്റി? ഇനി കൈതി 2 സംഭവിക്കുമോ? എന്നുള്ള സംശയങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഉന്നയിക്കുന്നത്. ലോകേഷ് മറ്റു പ്രോജക്റ്റുകൾ അവസാനിപ്പിച്ച് ഉടൻ കൈതി 2 വിലക്ക് തിരിച്ചുവരണമെന്നും നിരവധി പേർ എക്സിൽ കുറിക്കുന്നുണ്ട്.


നേരത്തെ രജനി ചിത്രമായ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് അറിയിച്ചെങ്കിലും പിന്നെ അതിൽ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. ചിത്രം ഉപേക്ഷിച്ചെന്നും ചില പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പ്രതിഫലത്തിനെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് കൈതി 2 വൈകാൻ കാരണമെന്നാണ് മറ്റൊരു വാദം. നിലവിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ലോകേഷ് കനകരാജ്. ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. രക്തത്തിൽ കുളിച്ച് നടന്നുവരുന്ന ലോകേഷ് കനകരാജിനെയും വാമിക ഗബ്ബിയെയുമാണ് ഈ ടീസറിൽ കാണാനാകുന്നത്.

സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം മുഴുവനായി പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ ചിത്രമായി ആണ് സിനിമ ഒരുങ്ങുന്നതെന്ന് എന്നാണ് സൂചന. സിനിമയ്ക്കായി ലോകേഷ് കനകരാജ് മാർഷൽ ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. 2026 സമ്മറിൽ സിനിമ പുറത്തിറങ്ങും. ഈ സിനിമയ്ക്ക് ശേഷമാകും കൈതി 2 ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.