വർഷങ്ങൾക്കിപ്പുറം വീണ്ടും ആ സ്വപ്നം ; ജോഷിയുടെ ‘അന്ന’ തിയേറ്ററുകളിലേക്ക്
ഒരുകാലത്ത് മലയാള സിനിമയിൽ വലിയ പ്രതീക്ഷയുണർത്തിയിരുന്ന ഒരു സ്വപ്നപദ്ധതിക്ക് വീണ്ടും ജീവൻ നൽകുകയാണ്. സംവിധായകൻ ജോഷി 1990-കളിൽ ആലോചിച്ച് ചിത്രീകരണം ആരംഭിച്ചെങ്കിലും പിന്നീട് പൂർത്തിയാകാതെ പോയ ‘അന്ന’യാണ് പുതിയ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്.
ശ്രീദേവിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളായി എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ‘അന്ന’. സിനിമയുടെ ഭാഗമായി ഒരുങ്ങിയ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം പിന്നീട് ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഈ ഗാനത്തിന്റെ പുനരുപയോഗം പുതിയ തലമുറയിലും സിനിമയോടുള്ള കൗതുകം വർധിപ്പിച്ചതാണ് പദ്ധതിക്ക് വീണ്ടും തുടക്കമിടാൻ പ്രചോദനമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
‘പുലിമുരുകൻ’ റിലീസ് ചെയ്ത് പത്ത് വർഷം പൂർത്തിയാകുന്ന വേളയിലാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ‘അന്ന’യുടെ പുതിയ തുടക്കം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങളോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. പുതിയ താരനിരയും മറ്റ് വിശദാംശങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.