ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജയസൂര്യ നായകനാകുന്ന ‘മായൻ – ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ പത്നി സിജി സച്ചിയും സഹോദരി സജിതയും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ അനാഛാദനം നിർവ്വഹിച്ചത്. സൂപ്പർ ഹിറ്റ് ചിത്രം ‘കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കും. കേരളത്തിന് പുറമെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരണം പ്ലാൻ ചെയ്തിട്ടുള്ള ഈ സിനിമയ്ക്ക് റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
മലയാള സാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ‘കറുത്തച്ചനൂട്ട്’ എന്ന വിഷയവുമായി ബന്ധപ്പെട്ടാണോ ചിത്രം ഒരുങ്ങുന്നത് എന്ന കൗതുകത്തിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഫൈസൽ അലി ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്നു. പ്രവീൺ പ്രഭാകർ എഡിറ്റിംഗും ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്ന ഈ ചിത്രം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണ്.