'ജനനായകൻ' അഡ്വാൻസ് ബുക്കിംഗിൽ 15 കോടി കടന്നു
സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രം 'ജനനായകൻ' റിലീസിന് മുൻപേ റെക്കോർഡുകൾ തകർക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന പ്രത്യേകതയുള്ളതിനാൽ ആരാധകർക്കിടയിൽ വൻ ആവേശമാണ് നിലനിൽക്കുന്നത്. റിലീസിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ആഗോള തലത്തിലെ പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം 15 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.
ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, വിദേശ വിപണികളിലാണ് 'ജനനായകൻ' അക്ഷരാർത്ഥത്തിൽ തരംഗം സൃഷ്ടിക്കുന്നത്. മൊത്തം കളക്ഷനിന്റെ 11 മുതൽ 12 കോടി രൂപ വരെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള അഡ്വാൻസ് ബുക്കിംഗിലൂടെയാണ് ലഭിച്ചത്. വടക്കേ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വിജയ്‌ക്കുള്ള വമ്പിച്ച ജനപ്രീതിയാണ് ഈ മുന്നേറ്റത്തിന് പിന്നിൽ. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പോലും പുറത്തിറങ്ങുന്നതിന് മുൻപാണ് ഈ നേട്ടം എന്നത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ നിലവിൽ 3 കോടി രൂപയാണ് അഡ്വാൻസ് ബുക്കിംഗിലൂടെ ലഭിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിലും കർണാടകത്തിലും മാത്രമാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത് എന്നതാണ് ഇതിന് കാരണം. തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ബുക്കിംഗ് ഓപ്പൺ ചെയ്യുന്നതോടെ ഈ സംഖ്യ കുതിച്ചുയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്കാണോ ജനനായകൻ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന് വ്യക്തമായ മറുപടിയുമായി സംവിധായകൻ എച്ച്. വിനോദും രംഗത്തെത്തിയിരുന്നു.
"ഈ കഥ റീമേക്കാണോ അതോ ഏതെങ്കിലും രംഗങ്ങൾ കടമെടുത്തതാണോ എന്നോർത്ത് പ്രേക്ഷകർ ആശങ്കപ്പെടേണ്ടതില്ല. ഇതൊരു ദളപതി വിജയ് ചിത്രമാണ്. ഭഗവന്ത് കേസരി കണ്ടവർ പോലും തിയേറ്ററിലെത്തി ഈ ചിത്രം കാണണം. ഒരു ഷോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് തന്നെ ഇതിനുള്ള ഉത്തരം ലഭിക്കും," - എച്ച്. വിനോദ് പറഞ്ഞു.
വിജയ്‌യുടെ രാഷ്ട്രീയ യാത്രയ്ക്ക് മുന്നോടിയായുള്ള ഈ ചിത്രം ബോക്‌സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നത്.