‘ജനനായകൻ’ നിയമക്കുരുക്കിൽ ; പ്രതിസന്ധിയിലായി തമിഴ് സിനിമാ മേഖല

 തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജനനായകൻ’ നിയമക്കുരുക്കിൽപ്പെട്ടത് തമിഴ് സിനിമാ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
 

 തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘ജനനായകൻ’ നിയമക്കുരുക്കിൽപ്പെട്ടത് തമിഴ് സിനിമാ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായതോടെ നിർമ്മാതാക്കൾക്കും തിയേറ്റർ ഉടമകൾക്കും കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉൾപ്പെടെ നീണ്ട നിയമപോരാട്ടങ്ങൾ നടന്നെങ്കിലും ചിത്രത്തിന് പ്രദർശനാനുമതി നേടിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ഈ പ്രതിസന്ധി മൂലം തമിഴ്‌നാട്ടിലെ തിയേറ്ററുകൾക്ക് മാത്രം 100 കോടിയിലധികം രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2025 നവംബറിന് ശേഷം പുതിയ വലിയ റിലീസുകളില്ലാതെ പ്രതിസന്ധിയിലായ തമിഴ് ബോക്‌സ് ഓഫീസിന് ‘ജനനായകൻ’ വലിയൊരു ഉണർവ് നൽകുമെന്നായിരുന്നു പ്രതീക്ഷ. പൊങ്കൽ റിലീസായി ചിത്രം എത്തിയിരുന്നെങ്കിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 150 മുതൽ 200 കോടി രൂപ വരെ കളക്ഷൻ ലഭിക്കുമായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ പൊങ്കൽ സീസണിൽ തിയേറ്ററുകളിലെത്തിയ ശിവകാർത്തികേയന്റെ ‘പരാശക്തി’ 55 കോടിയും ജീവയുടെ ‘തലൈവർ തമ്പി തലൈമയിൽ’ 30 കോടിയും മാത്രമാണ് നേടിയത്. കാർത്തി ചിത്രം ‘വാ വാത്തിയാർ’ ബോക്‌സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു. ആകെ 85 കോടി രൂപ മാത്രമാണ് ഈ സീസണിൽ തമിഴ് ബോക്‌സ് ഓഫീസിന് ലഭിച്ചത്. ‘ജനനായകൻ’ കൂടി എത്തിയിരുന്നെങ്കിൽ നൂറു കോടിയിലധികം രൂപയുടെ അധിക വരുമാനം മേഖലയ്ക്ക് ലഭിക്കുമായിരുന്നു.

ചിത്രത്തിന്റെ റിലീസ് വൈകുന്നത് വരും മാസങ്ങളിലെ മറ്റ് സിനിമകളുടെ റിലീസ് ഷെഡ്യൂളുകളെയും ബാധിച്ചിരിക്കുകയാണ്. 2026-ന്റെ ആദ്യ പാദത്തിലും ഈ സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന ആശങ്കയിലാണ് തിയേറ്റർ ഉടമകൾ. നവംബർ മുതൽ നേരിടുന്ന തകർച്ചയിൽ നിന്ന് കരകയറാൻ വിജയ് ചിത്രത്തിന്റെ റിലീസ് അനിവാര്യമാണെന്നാണ് സിനിമാ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്.