‘ജനനായകന്റെ’ വ്യാജപ്പതിപ്പ് കണ്ടത് 1.2 കോടിയിലധികം ആളുകൾ ; അനീതിയെന്ന് മദ്രാസ് ഹൈക്കോടതി

 ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപേ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമ ഔദ്യോഗികമായി തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഇതിന്റെ വ്യാജപ്പതിപ്പ് 1.2 കോടിയിലധികം ആളുകൾ കണ്ടതായി പോലീസ്
 

 ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപേ ഓൺലൈനിൽ ചോർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച് സിനിമ ഔദ്യോഗികമായി തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഇതിന്റെ വ്യാജപ്പതിപ്പ് 1.2 കോടിയിലധികം ആളുകൾ കണ്ടതായി പോലീസ് കോടതിയെ അറിയിച്ചു. കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പോലീസ് ഈ വിവരങ്ങൾ മദ്രാസ് ഹൈക്കോടതിക്ക് കൈമാറിയത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയുമധികം ആളുകളിലേക്ക് സിനിമയുടെ വ്യാജപ്പതിപ്പ് എത്തിച്ചത് വൻ അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സി. കുമരപ്പന്റെ ബെഞ്ച്, പ്രതികളായ എസ്. രജനി, ജയപ്രകാശ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ അനധികൃത പ്രദർശനം തടയാൻ രാജ്യത്തെ എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ട് വിലയിരുത്തിയതായും മൂന്ന് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. നിയമക്കുരുക്കുകൾ കാരണം ഈ വർഷം ജനുവരിയിൽ നടക്കേണ്ടിയിരുന്ന പൊങ്കൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. നിലവിൽ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മമിത ബൈജു, ബോബി ഡിയോൾ, പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്.