മാത്യു ഇല്ലാതെ എന്ത് 'ജയിലർ 2', വീണ്ടും രജനിക്കൊപ്പം ഞെട്ടിക്കാൻ ലാലേട്ടൻ; ഷൂട്ട് അപ്ഡേറ്റ് പുറത്ത്
നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇതിൽ തന്നെ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്നത് മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യുവിന്റെ തിരിച്ചുവരവിനായാണ്. ഇപ്പോൾ ആ കാമിയോ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.
ജയിലർ 2 വിൽ മോഹൻലാൽ ഡിസംബറിൽ ജോയിൻ ചെയ്യുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഡിസംബർ 21,22,23 തീയതികളിലാണ് മോഹൻലാൽ ജയിലറിൽ ജോയിൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. ഗോവയിൽ വെച്ചാകും മോഹൻലാലിന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. ആദ്യ ഭാഗത്തേത് പോലെ ഒരു പക്കാ മാസ് കാമിയോ തന്നെയാകും മോഹൻലാലിന് രണ്ടാം ഭാഗത്തിലും എന്നാണ് ആരാധകർ ഉൾപ്പടെ പ്രതീക്ഷിക്കുന്നത്. അതേസമയം, നടൻ വിജയ് സേതുപതി ജയിലർ 2 വിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നിലവിൽ ഗോവയിൽ വെച്ച് വിജയ്‌യുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുകയാണ്. പേട്ട എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയും രജനികാന്തും വീണ്ടുമൊന്നിക്കുന്ന സിനിമയാകും ജയിലർ 2.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. 2023ൽ ആയിരുന്നു നെൽസൺ സംവിധാനത്തിൽ ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി.