തിയേറ്ററുകളിൽ മുന്നേറി ‘ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ’
സംഗീത് പ്രതാപ് ആദ്യമായി നായകനാകുന്ന ‘ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. മലയാള സിനിമാരംഗത്ത് ഇതുവരെ കാണാത്ത വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയുമാണ് ചിത്രത്തിന്റേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
സംഗീത് പ്രതാപ് ആദ്യമായി നായകനാകുന്ന ‘ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. മലയാള സിനിമാരംഗത്ത് ഇതുവരെ കാണാത്ത വ്യത്യസ്തമായ പ്രമേയവും അവതരണശൈലിയുമാണ് ചിത്രത്തിന്റേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സിനിമയുടെ മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനും ഒപ്പം മികച്ച സൗണ്ട് ഡിസൈനും തിയേറ്റർ അനുഭവത്തെ ഏറെ സ്വാധീനിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ഉയരുന്നുണ്ട്. സംഗീത് പ്രതാപിനൊപ്പം അഖില ഭാർഗവൻ, ഷറഫുദ്ദീൻ എന്നിവരുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
കോമയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന നായകന് അസാധാരണമായ കേൾവിശക്തി (സൂപ്പർ ഹിയറിങ്) ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. ഈ പ്രത്യേക കഴിവ് നായകന്റെ ജീവിതത്തിലുണ്ടാക്കുന്ന രസകരവും എന്നാൽ തികച്ചും വ്യത്യസ്തവുമായ മുഹൂർത്തങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പതിവ് സൂപ്പർഹീറോ ചിത്രങ്ങളുടെ ശൈലിയിൽ നിന്ന് മാറി സഞ്ചരിക്കുന്ന ഒന്നാണ് ഈ സിനിമയെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ഈ ചിത്രം ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നടി നിലീൻ സാന്ദ്രയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. അഖിൽ സേവ്യർ ക്യാമറയും മുജീബ് മജീദ് സംഗീതവും നിക്‌സൺ ജോർജ് സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു.