'ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു'; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടിയുമായി AMAI

സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിലെ ഈ രംഗത്തെ വിമര്‍ശിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു

 

ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഎംഎഐ അറിയിച്ചു.

തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ് ഹാഷിറേ ടീം പ്രധാന വേഷങ്ങളിലെത്തിയ വാഴ 2. എന്നാല്‍ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുര്‍വേദ മേഖല. ചിത്രത്തില്‍ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നു എന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നത്.

ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരള്‍ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയില്‍ ചിത്രത്തില്‍ കാണിക്കുന്നു എന്നും അത് തെറ്റായ സന്ദേശമാണ് എന്നുമാണ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(AMAI) പറയുന്നത്. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഎംഎഐ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിലെ ഈ രംഗത്തെ വിമര്‍ശിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നിയമപരമായി തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. വാഴ 2 വിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.