'ഒരു തുള്ളി ചോര പൊടിയാതെ ഇന്ത്യന്‍ പൗരനെ പാകിസ്ഥാനില്‍ നിന്നും രക്ഷിച്ച കഥ':   ദി ഡിപ്ലോമാറ്റ് ഒടിടിയില്‍ 

 ജോൺ എബ്രഹാം നായകനായി എത്തിയ  ദി ഡിപ്ലോമാറ്റ് റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ റിലീസായി. സാദിയ ഖത്തീബിനൊപ്പമാണ് ജോണ്‍ എബ്രഹാം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2017-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്.

 

മുംബൈ:  ജോൺ എബ്രഹാം നായകനായി എത്തിയ  ദി ഡിപ്ലോമാറ്റ് റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം ഒടിടിയില്‍ റിലീസായി. സാദിയ ഖത്തീബിനൊപ്പമാണ് ജോണ്‍ എബ്രഹാം ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2017-ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്. മാർച്ച് 17-നാണ് ദി ഡിപ്ലോമാറ്റ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ശിവം നായരാണ് ദി ഡിപ്ലോമാറ്റ് സംവിധാനം ചെയ്യുന്നത്.  ഇന്ത്യന്‍ വിദേശകാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും വിദഗ്ധ നയതന്ത്രജ്ഞനായ ജെ പി സിംഗ് എന്ന കഥാപാത്രത്തെയാണ് ജോൺ എബ്രഹാം ദി ഡിപ്ലോമാറ്റിൽ അവതരിപ്പിക്കുന്നത്. ആയുധങ്ങളുടെ ഏറ്റുമുട്ടല്‍ ഇല്ലാതെ എങ്ങനെ നയതന്ത്ര ബന്ധങ്ങളും ബുദ്ധിയും ഉപയോഗിച്ച് ഒരു രക്ഷപ്രവര്‍ത്തനം നടത്താം എന്നതാണ് ഈ പൊളിറ്റിക്കല്‍ ത്രില്ലറിലെ പ്രമേയം.

മെയ് 9ന് നെറ്റ്ഫ്ലിക്സിലാണ് ദി ഡിപ്ലോമാറ്റ് ഒടിടി റിലീസ് ചെയ്തത്. ഇസ്ലാമാബാദിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരിക്കെ ജെ പി സിംഗ് ഇടപെട്ട ഒരു യഥാര്‍ഥ സംഭവമാണ് ദി ഡിപ്ലോമാറ്റ് എന്ന ചിത്രത്തിന് ആധാരം. ജെ പി സിംഗ് പാകിസ്ഥാനിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരിക്കുന്ന 2017 കാലത്ത് ഉസ്മ അഹമ്മദ് എന്ന ഇന്ത്യന്‍ യുവതി ഹൈക്കമ്മീഷന്‍റെ സഹായം തേടി എത്തുകയായിരുന്നു. 

ഓണ്‍ലൈനില്‍ പരിചയപ്പെട്ട തഹെര്‍ അലി എന്ന പാക് യുവാവ് ഗണ്‍ പോയിന്‍റില്‍ നിര്‍ത്തി തന്നെ വിവാഹം കഴിച്ചുവെന്നായിരുന്നു ഉസ്മയുടെ ആരോപണം. സംഭവം ശരിയാണെന്ന് മനസിലാക്കിയ ജെ പി സിംഗിന്‍റെ സമയോചിതമായ ഇടപെടല്‍ ഉസ്മയെ സുരക്ഷിതയായി ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. 

രണ്ട് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധത്തില്‍ പ്രശ്നമാകാന്‍ പോലും സാധ്യതയുണ്ടായിരുന്ന ഒരു സംഭവം അങ്ങനെ ആവാതെ പരിഹരിച്ചതില്‍ ജെ പി സിംഗിന്‍റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. നിലവില്‍ ഇസ്രയേലിലെ ഇന്ത്യന്‍ അംബാസിഡറാണ് അദ്ദേഹം.20 കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചത് എന്നാണ് വിവരം. ആഗോളതലത്തില്‍ ചിത്രം 53 കോടിയോളം നേടിയിരുന്നു.