മാറ്റം വരുത്തി വികൃതമാക്കി, ‘ഡ്യൂഡി’ൽനിന്ന് ഇളയരാജയുടെ പാട്ടുകൾ നീക്കാൻ ഉത്തരവ്
ചെന്നൈ: പ്രദീപ് രംഗനാഥനും മമിത ബൈജുവും അഭിനയിച്ച ‘ഡ്യൂഡ്’ എന്ന സിനിമയിൽനിന്ന് ഇളയരാജയുടെ രണ്ടു പഴയപാട്ടുകളും നീക്കംചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തന്റെ അനുമതികൂടാതെ പാട്ടുകൾ ഉപയോഗിച്ചത് പകർപ്പവകാശ ലംഘനമാണെന്നു കാണിച്ച് ഇളയരാജ നൽകിയ ഹർജിയിലാണ് വെള്ളിയാഴ്ച ജസ്റ്റിസ് എൻ. സെന്തിൽകുമാറിന്റെ ഇടക്കാലവിധി.
ഇളയരാജ സംഗീതം നൽകിയ പുതു നെല്ലു പുതു നാറ്റു എന്ന സിനിമയിലെ ‘കറുത്ത മച്ചാൻ’ എന്നു തുടങ്ങുന്ന പാട്ടും പണക്കാരനിലെ ‘നൂറു വറുഷം ഇന്ത മാപ്പിളയ്ക്ക്’ എന്ന പാട്ടും മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച് കീർത്തീശ്വരൻ സംവിധാനംചെയ്ത ഡ്യൂഡിൽ ഉപയോഗിച്ചിട്ടുണ്ട്. മാറ്റങ്ങൾവരുത്തി വികൃതമാക്കിയാണ് പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചതെന്ന ഇളയരാജയുടെ വാദം ശരിവെച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയിൽനിന്ന് പാട്ടുകൾ നീക്കംചെയ്യാൻ ഏഴുദിവസം സമയം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജനുവരി ഏഴിന് ഹർജിയിൽ വാദം തുടരും.
പഴയഗാനങ്ങൾ വർഷങ്ങൾക്കുശേഷം വീണ്ടും സിനിമയിൽ ഉപയോഗിക്കുമ്പോൾ അവ കൂടുതൽ ജനകീയമാവുകയല്ലേ ചെയ്യുകയെന്ന് വാദത്തിനിടെ ഹൈക്കോടതി ഇളയരാജയോട് ആരാഞ്ഞിരുന്നു. പഴയ പാട്ടുകൾ പുതുരൂപത്തിൽ അവതരിപ്പിക്കുന്നത് എങ്ങനെയാണ് ഇളയരാജയെ ബാധിക്കുകയെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മാറ്റങ്ങൾ വരുത്തിയതോടെ തന്റെ പാട്ടുകളുടെ ആത്മാവ് നഷ്ടമായെന്ന ഇളയരാജയുടെ പരാതി ന്യായമാണെന്ന് ബോധ്യംവന്നതായി കോടതി വെള്ളിയാഴ്ച പറഞ്ഞു.
മൈത്രി മൂവി മേക്കേഴ്‌സ് തന്നെ നിർമിച്ച് അജിത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമ ഇളയരാജ സംഗീതംനൽകിയ മൂന്നു പഴയഗാനങ്ങളോടെ പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും മദ്രാസ് ഹൈക്കോടതി നേരത്തേ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിൽനിന്ന് പിൻവലിക്കേണ്ടിവന്നു. താൻ സംഗീതംനൽകി പുറത്തിറക്കിയ പാട്ടുകളുടെ പൂർണ അവകാശം തനിക്കാണെന്നും അത് പ്രക്ഷേപണം ചെയ്യാനും മാറ്റങ്ങൾവരുത്തി പുതിയ പാട്ടുകൾ ഇറക്കാനും മ്യൂസിക് കമ്പനികൾക്ക് അവകാശമില്ലെന്നും കാണിച്ച് ഇളയരാജ നൽകിയ മറ്റൊരു ഹർജിയുടെ വാദം മദ്രാസ് ഹൈക്കോടതിയിൽ തുടരുകയാണ്.