വെള്ളിത്തിരയ്ക്കും അപ്പുറത്തെ വിസ്മയമായി ഇഫി നഗരി; സാംസ്കാരിക-സർഗാത്മക സംഗമവേദിയായി പനജി

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഇഫി) കേവലം സിനിമാ പ്രദർശനങ്ങൾക്കപ്പുറം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക, സർഗാത്മക, സാങ്കേതിക വൈവിധ്യങ്ങളുടെ സംഗമവേദിയായി മാറുന്നു. പ്രാദേശിക രുചികൾ, തദ്ദേശീയ ഉത്പന്നങ്ങൾ, ഭിന്നശേഷി സൗഹൃദ സംരംഭങ്ങൾ, മാധ്യമ-സാങ്കേതിക സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ എന്നിവയാൽ സജീവമായ മേള നഗരി പ്രതിനിധികൾക്കും സന്ദർശകർക്കും വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

 

പനജി (ഗോവ): 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഇഫി) കേവലം സിനിമാ പ്രദർശനങ്ങൾക്കപ്പുറം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക, സർഗാത്മക, സാങ്കേതിക വൈവിധ്യങ്ങളുടെ സംഗമവേദിയായി മാറുന്നു. പ്രാദേശിക രുചികൾ, തദ്ദേശീയ ഉത്പന്നങ്ങൾ, ഭിന്നശേഷി സൗഹൃദ സംരംഭങ്ങൾ, മാധ്യമ-സാങ്കേതിക സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ എന്നിവയാൽ സജീവമായ മേള നഗരി പ്രതിനിധികൾക്കും സന്ദർശകർക്കും വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

ചലനശേഷി കുറഞ്ഞ വ്യക്തികളുടെ അന്തസ്സും അവർക്കാവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കാനായി പ്രവർത്തിക്കുന്ന 'സ്വയം' എന്ന സംഘടനയുടെ ബോധവത്കരണ സംരംഭമാണ് നഗരിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. തുടർച്ചയായി രണ്ടാം തവണയാണ് 'സ്വയം' മേളയുടെ ഭാഗമാകുന്നത്. വേദികളിലുടനീളം ഒരുക്കിയിട്ടുള്ള ഭിന്നശേഷി സൗഹൃദ ക്രമീകരണങ്ങൾക്ക് പിന്തുണയേകുന്നതോടൊപ്പം, പൊതു ഇടങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ഇവർ ഉയർത്തിക്കാട്ടുന്നു.

സർഗാത്മക സാങ്കേതികവിദ്യ, സിനിമ, ദൃശ്യ-ശ്രാവ്യ കലകൾ, ഡിസൈൻ എന്നീ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളും മേളയിൽ സജീവമാണ്. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (ഐഐസിടി) സംഘടിപ്പിക്കുന്ന ആനിമേഷൻ കഥാപാത്ര നിർമാണ മത്സരം സന്ദർശകരെ ഏറെ ആകർഷിക്കുന്നു. കൂടാതെ, കേന്ദ്ര പബ്ലിക്കേഷൻസ് ഡിവിഷൻ ഡയറക്ടറേറ്റിന്റെ സ്റ്റാളിൽ ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പ്രശസ്ത ഗാന്ധിയൻ പുസ്തക പരമ്പരയും പ്രത്യേക കിഴിവിൽ ലഭ്യമാണ്. ചെന്നൈയിലെ എസ്എ ഫിലിം അക്കാദമി, ഹരിയാന റോഹ്ത്തക്കിലെ ദാദാ ലക്ഷ്മി ചന്ദ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ്, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവയുടെ പങ്കാളിത്തം മാധ്യമ-വിനോദ മേഖലയിലെ വളർന്നുവരുന്ന അക്കാദമിക സാധ്യതകളെ പരിചയപ്പെടുത്തുന്നു.

പരമ്പരാഗത നാഗാ വിഭവങ്ങളും ബിരിയാണിയും മുതൽ ദോശ, കാപ്പി, ബേക്കറി ഉത്പന്നങ്ങൾ വരെ നീളുന്ന വൈവിധ്യമാർന്ന ഭക്ഷണശാലകൾ മേളയ്ക്ക് ഉത്സവച്ഛായ നൽകുന്നു. ഗോവയുടെ തനത് ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗോവ വനം വികസന കോർപ്പറേഷൻ പ്രാദേശികമായി സംഭരിച്ച കശുവണ്ടിയുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും (FTII), എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവയും (ESG) ചേർന്ന് തയ്യാറാക്കിയ മേളയുടെ സ്മരണികാ ഉപഹാരങ്ങളും വസ്ത്രങ്ങളും മെർച്ചൻഡൈസ് സ്റ്റാളുകളിൽ ലഭ്യമാണ്.

ഡിജിറ്റൽ, പ്രക്ഷേപണ മേഖലകളിലെ പ്രമുഖരായ പ്രൈം വീഡിയോ, സ്റ്റോറി ടിവി ആപ്പ്, ബിഗ് എഫ്എം എന്നിവരുടെ സാന്നിധ്യം മാറുന്ന വിനോദ വ്യവസായത്തിന്റെ വിവിധ തലങ്ങളുമായി സംവദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നു. വിപുലമായ സൗകര്യങ്ങളൊരുക്കിയ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, എൻഎഫ്ഡിസി (NFDC), എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവ എന്നിവരുടെ പ്രവർത്തനങ്ങളെ സ്റ്റാൾ നടത്തിപ്പുകാർ പ്രശംസിച്ചു.