കറുപ്പില്‍ ഡബ്ബ് ചെയ്തതിന് കുറിച്ച് തുറന്നു പറയാന്‍ തനിക്ക് പേടിയായിരുന്നു ; ചിന്മയി 

കറുപ്പിലെ ചിന്മയിയുടെ ഡബ്ബിങ്ങിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

 

വിജയ് ചിത്രമായ ലിയോയില്‍ തൃഷയ്ക്കായി ശബ്ദം നല്‍കിയപ്പോള്‍ നേരിട്ട കടുത്ത അധിക്ഷേപങ്ങളാണ് തന്നില്‍ ഭയം ജനിപ്പിച്ചതെന്നും ചിന്മയി പറഞ്ഞു

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രം തമിഴ്നാട്ടില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയില്‍ നായികയായി എത്തിയത് തൃഷയായിരുന്നു. ചിത്രത്തില്‍ നടിയ്ക്കായി ഡബ്ബിങ് ചെയ്തതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.

കറുപ്പില്‍ ഡബ്ബ് ചെയ്തതിന് കുറിച്ച് തുറന്നു പറയാന്‍ തനിക്ക് പേടിയായിരുന്നു എന്നാണ് ചിന്മയിയുടെ വാക്കുകള്‍. വിജയ് ചിത്രമായ ലിയോയില്‍ തൃഷയ്ക്കായി ശബ്ദം നല്‍കിയപ്പോള്‍ നേരിട്ട കടുത്ത അധിക്ഷേപങ്ങളാണ് തന്നില്‍ ഭയം ജനിപ്പിച്ചതെന്നും ചിന്മയി പറഞ്ഞു. കറുപ്പിലെ ചിന്മയിയുടെ ഡബ്ബിങ്ങിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

'കറുപ്പിന് വേണ്ടി ഡബ്ബ് ചെയ്തു എന്ന് പുറത്ത് പറയാന്‍ എനിക്ക് പേടിയായിരുന്നു. ആര്‍ ജെ ബാലാജിയെയും ഭാര്യയെയും എനിക്ക് ഏറെ നാളായി അറിയാം. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി ഏറെ കഠിനമായി അധ്വാനിക്കുന്നയാളാണ് ആര്‍ ജെ ബാലാജി. അദ്ദേഹവുമായി അത്രയും പരിചയമുള്ളത് കൊണ്ടാകണം, ലിയോയുടെ സമയത്ത് ഉണ്ടായ പോലുള്ള പ്രശ്നങ്ങള്‍ കറുപ്പിന്റെ കാര്യത്തിലും സംഭവിക്കുമോ എന്ന് ഞാന്‍ പേടിച്ചത്.
കറുപ്പിന്റെ ഡബ്ബിങ്ങ് സമയത്ത് പലപ്പോഴും എനിക്ക് കണ്ണീരടക്കനായിരുന്നില്ല. കഴിഞ്ഞുപോയ നാളുകളില്‍ എന്റെ ജീവിതത്തില്‍ നടന്ന പല അസുഖകരമായ സംഭവങ്ങളുടെയും ഓര്‍മ മനസിലേക്ക് എത്തിയിരുന്നു. കറുപ്പ് സിനിമയില്‍ തൃഷയ്ക്കായി ഡബ്ബ് ചെയ്യാന്‍ നല്‍കിയ അവസരത്തിന് ഞാന്‍ ബാലാജിയ്ക്ക് നന്ദി പറയുകയാണ്.


എന്റെ ജന്മനാട്ടില്‍ പേടിയില്ലാതെ ജോലി ചെയ്ത് ജീവിക്കാന്‍ കറുപ്പ് സാമി എന്നെ അനുഗ്രഹിക്കുമെന്ന് ഞാന്‍ ആശിക്കുകയാണ്. ഈ ഇന്‍ഡസ്ട്രിയില്‍ കാലങ്ങളായി വിലക്ക് നേരിടുന്ന ഞാനടക്കമുള്ളവരുടെ ആ വിലക്ക് നീക്കാനും കറുപ്പ് സാമി തുണയാകുമെന്ന് തന്നെ ഞാന്‍ പ്രത്യാശിക്കുന്നു,' ചിന്മയി ശ്രീപദ എക്സില്‍ കുറിച്ച കുറിപ്പില്‍ പറഞ്ഞു.