വിജയ്യോട് എനിക്ക് അസൂയ തോന്നി, നിസാരമായി അദ്ദേഹം ജയിച്ചു, ഞാന്‍ 15 വര്‍ഷമായി തെരുവുകളില്‍ അലയുന്നു: പവന്‍ കല്യാണ്‍

നമ്മള്‍ മാനുഷികമായി ചിന്തിക്കേണ്ടതുണ്ട്. എന്തെങ്കിലും പറയണമെങ്കില്‍ നിങ്ങള്‍ക്ക് വളരെയധികം അറിവ് ആവശ്യമാണ്.

 

വിജയ്യുടെ പാര്‍ട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ വിജയം നേടിയെന്നും പവന്‍ കല്യാണ്‍ തമാശരൂപേണ പറഞ്ഞു.

തമിഴ്‌നാട് തെരഞ്ഞെടുപ്പിലെ വിജയ്യുടെ വമ്പന്‍ വിജയത്തില്‍ പ്രതികരിച്ച് നടനും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. തനിക്ക് വിജയ്യോട് അസൂയ തോന്നുന്നെന്നും താന്‍ 15 വര്‍ഷത്തോളം തെരുവില്‍ ഇറങ്ങി കഷ്ടപ്പെട്ടാണ് രാഷ്ട്രീയം കെട്ടിപ്പടുത്തതെന്നും, എന്നാല്‍ വിജയ്യുടെ പാര്‍ട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ വിജയം നേടിയെന്നും പവന്‍ കല്യാണ്‍ തമാശരൂപേണ പറഞ്ഞു.

'ഈ കഴിഞ്ഞ ദിവസങ്ങളിലെ തമിഴ്‌നാട് രാഷ്ട്രീയം ഞാന്‍ നോക്കുകയായിരുന്നു. അവര്‍ അത് എത്ര നിസാരമായാണ് ചെയ്തത്. എനിക്ക് അസൂയ തോന്നി. കട്ടൗട്ടുകളും ഹോളോഗ്രാമുകളും വെച്ച് വിജയ് മുഖ്യമന്ത്രിയായി. ഞാന്‍ 15 വര്‍ഷമായി തെരുവുകളില്‍ അലഞ്ഞുനടന്നു, പക്ഷേ നമ്മള്‍ മാനുഷികമായി ചിന്തിക്കേണ്ടതുണ്ട്. എന്തെങ്കിലും പറയണമെങ്കില്‍ നിങ്ങള്‍ക്ക് വളരെയധികം അറിവ് ആവശ്യമാണ്. എന്തിനാണ് ഞാന്‍ 15 വര്‍ഷം ഇത്രയധികം കഷ്ടപ്പെട്ടത്?. കാരണം ഒരു പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് മനസിലാക്കേണ്ടതുണ്ട്', പവന്‍ കല്യാണ്‍ പറഞ്ഞു.