സ്ത്രീകള്‍ അവരുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് പറയാനാണ് ശ്രമിച്ചത് ; ക്ഷമ ചോദിച്ച് നടന്‍ ശിവാജി

നല്ലത് പറയണം എന്നല്ലാതെ മറ്റൊരാളെയും അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല' ശിവാജിയുടെ വാക്കുകള്‍.

 

'ഇക്കാലത്ത് നായികമാര്‍ പലപ്പോഴും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ അകപ്പെടുന്നുണ്ട്.

വിവാദപരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ശിവാജി. താന്‍ ആരെയും അവഹേളിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്ത്രീകള്‍ അവരുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് പറയാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നും നടന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് നടന്റെ ക്ഷമാപണം.

'ഇക്കാലത്ത് നായികമാര്‍ പലപ്പോഴും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ അകപ്പെടുന്നുണ്ട്. നല്ല വാക്കുകള്‍ പറയാന്‍ ശ്രമിച്ചപ്പോള്‍, ഞാന്‍ ചില മോശം വാക്കുകള്‍ ഉപയോഗിച്ചു പോയി. എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. നായികമാര്‍ പുറത്തു പോകുമ്പോള്‍, അവര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. ഇന്നലെ രാത്രി നടന്ന പരിപാടിയില്‍ ഉപയോഗിച്ച വാക്കുകള്‍ക്ക് ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. എന്റെ ഉദ്ദേശം നല്ലതായിരുന്നു, പക്ഷേ, ആ രണ്ട് വാക്കുകള്‍ പുറത്തു വരാതിരുന്നെങ്കില്‍ നന്നായിരുന്നു. നല്ലത് പറയണം എന്നല്ലാതെ മറ്റൊരാളെയും അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല' ശിവാജിയുടെ വാക്കുകള്‍.

'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കില്‍ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്നതിലല്ല. ആളുകള്‍ ചിലപ്പോള്‍ ഒന്നും തുറന്നുപറയില്ല. കാരണം ഇത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവര്‍ കരുതും. പക്ഷേ ഉള്ളുകൊണ്ട് അവര്‍ ഇത് ഇഷ്ടപ്പെടണമെന്നില്ല.

സ്ത്രീയെന്നാല്‍ പ്രകൃതി പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോള്‍ നമ്മള്‍ അതിനെ ബഹുമാനിക്കും. ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന എന്റെ അമ്മയെ പോലെയാണ് എനിക്ക് സ്ത്രീ', എന്നായിരുന്നു നടന്റെ വാക്കുകള്‍. ധണ്ടോര എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കന്‍ഡ് റണ്ണര്‍ അപ്പ് കൂടിയായ ശിവാജി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങള്‍ പറഞ്ഞത്.