‘ഐ, നോബഡി’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ – പാർവതി തിരുവോത്ത് ചിത്രം ‘ഐ, നോബഡി’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഈ വരുന്ന വ്യാഴാഴ്ച (ജൂലൈ 9) ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വമ്പൻ റിലീസായി പ്രദർശനത്തിനെത്തും. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സെൻസർ ബോർഡിന്റെ യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു ബാങ്ക് മോഷണത്തെയും അതിന്റെ ചുരുളുകളെയും കേന്ദ്രീകരിച്ച് നീങ്ങുന്ന ഒരു പക്കാ ‘ഹീസ്റ്റ് ത്രില്ലർ’ മൂഡിലാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായ ട്രെയിലർ നൽകുന്ന സൂചന. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത തരത്തിലുള്ള വേറിട്ട മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേത്. യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ചേർന്ന് രൂപപ്പെടുത്തിയ അഞ്ച് ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന കാർ ചേസുകളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് മേക്കർ ജേക്സ് ബിജോയ് ഒരുക്കിയ എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിൽ സുധീർ യദുവംശി, റാപ്പർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ പാടിയ “ആന്തം ഓഫ് നോബഡി” ഇതിനോടകം തന്നെ ചാർട്ട്ബസ്റ്ററാണ്. വിജയരാഘവൻ, അശോകൻ, ഹക്കിം ഷാജഹാൻ, ഖാലിദ് റഹ്മാൻ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സമീർ അബ്ദുളാണ്.