സിനിമയുമായി ബന്ധപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായിട്ടില്ല, വിവാദത്തിന് പിന്നില്‍ ദുരുദ്ദേശമുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് നടന്‍ ലുക്മാന്‍
ഭീഷണി തനിക്കോ തന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നതായി അറിവില്ലെന്നും നടന്‍ വ്യക്തമാക്കി.
സിനിമ പിന്‍വലിച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് മറുപടി കിട്ടിയില്ലെന്ന് ലുക്മാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ലുക്മാന്‍.റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും സിനിമ പിന്‍വലിച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് മറുപടി കിട്ടിയില്ലെന്ന് ലുക്മാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ തന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നതായി അറിവില്ലെന്നും നടന്‍ വ്യക്തമാക്കി. വിവാദത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്നും ലുക്മാന്‍ ആവശ്യപ്പെട്ടു.
മതനിന്ദാ ആക്ഷേപം വന്നതിനെ തുടര്‍ന്ന് സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതാണ് വിവാദമായത്.
ലുക്മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഞാന്‍ അഭിനേതാവായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍ഭാഗ്യകരമായ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടു. രണ്ടര വര്‍ഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും ഈ സിനിമ പിന്‍വലിച്ചത് നിര്‍മ്മാതാവിന്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.
അതിലെ അഭിനേതാവ് എന്ന നിലയില്‍ സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്ത പെട്ടവരില്‍ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.
ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നതായി അറിവുമില്ല. അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ഈ സിനിമയായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.