‘ഐ ആം ഗെയിം’ തിയറ്ററുകളിലേക്ക് ; അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്രക്കുതിപ്പ്
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ തിയറ്ററുകളിലേക്ക്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമായെത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ തിയറ്ററുകളിലേക്ക്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമായെത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച നിമിഷം മുതൽ തന്നെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ട്രെൻഡിങ്ങിലും ചിത്രം ഇതിനോടകം ഇടംപിടിച്ചുകഴിഞ്ഞു. സെൻസറിങ് നടപടികൾ പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
‘ആർഡിഎക്സ്’ എന്ന വലിയ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടിയ ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറി. ‘ഹൈ സ്റ്റേക്ക്സ്’ പ്രമോ ഗാനവും ‘മഴവില്ലായേ’, ‘ലൂസർ’ തുടങ്ങിയ പാട്ടുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. 12.5 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് സ്വന്തമാക്കിയത്. ആക്ഷനും ചേസിങ് രംഗങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ദുൽഖർ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കേരളത്തിലും ആഗോളതലത്തിലും വമ്പൻ ഓപ്പണിങ് ലക്ഷ്യമിടുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് തിയറ്ററുകളിൽ എത്തുന്നത്.