ഓണം അടിപൊളിയാക്കാൻ ‘ഐ ആം ഗെയിം’ വരുന്നു

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ന്റെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അതീവ സ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖറിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു

 

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ന്റെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അതീവ സ്റ്റൈലിഷ് ലുക്കിലുള്ള ദുൽഖറിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. ആർ.ഡി.എക്സ് എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, 2026 ഓഗസ്റ്റ് 20-ന് ഓണം റിലീസായി ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. പാൻ ഇന്ത്യൻ തലത്തിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ 40-ാമത്തെ സിനിമയാണ്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘കിംഗ് ഓഫ് കൊത്ത’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്. ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാൻവാസിലുള്ള സിനിമയായാണ് ഒരുങ്ങുന്നത്.

വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന് ആവേശം കൂട്ടാൻ ജേക്സ് ബിജോയ് സംഗീതവും, കെ.ജി.എഫ്, വിക്രം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സ് സംഘട്ടനവും ഒരുക്കുന്നു. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്ക് ലഭിച്ച വൻ സ്വീകാര്യത, ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.