അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് ഹണി റോസ്
സിനിമാ ജീവിതത്തില്‍ അഭിനേത്രി എന്ന നിലയില്‍ എനിക്ക് കിട്ടുന്ന ആദ്യപുരസ്‌ക്കാരമാണിത്.
കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളില്‍ ഹണി റോസ് മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
താരനിശയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ പോയ ഹണി റോസിനെ തേടിയെത്തിയത് മികച്ച നടിക്കുള്ള പുരസ്‌കാരം. കഴിഞ്ഞ ദിവസം ഉച്ചക്ക് അനൗണ്‍സ് ചെയ്ത അവാര്‍ഡിനെക്കുറിച്ചു ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളില്‍ ഹണി റോസ് മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
'ഞാന്‍ ഉറക്കമുണര്‍ന്നത് ഏറ്റവും സന്തോഷം തരുന്ന വാര്‍ത്ത കേട്ടാണ്. എനിക്ക് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം കിട്ടിയിരിക്കുന്നു. റേച്ചല്‍ എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ളത്. എന്റെ സിനിമാ ജീവിതത്തില്‍ അഭിനേത്രി എന്ന നിലയില്‍ എനിക്ക് കിട്ടുന്ന ആദ്യപുരസ്‌ക്കാരമാണിത്. ഇങ്ങനെ ഒരു പുരസ്‌കാരം തന്ന് എന്നെ അംഗീകരിച്ചതിന് ജൂറിയോടു ഞാന്‍ നന്ദി പറയുന്നു. ഞാന്‍ എന്റെ ഹൃദയവും ആത്മാവും കൊടുത്തു അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ ചെയ്ത കഥാപാത്രമാണ് റേച്ചല്‍. റേച്ചല്‍ സിനിമയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും, പ്രത്യേകിച്ച് സംവിധായിക ആനന്ദിനി ബാല, കഥാകൃത്ത് രാഹുല്‍ മണപ്പാട്ട് എന്നിവരോടും എബ്രിഡ് ഷൈന്‍, ബാദുഷ എന്നിവരോടും ഞാന്‍ നന്ദി പറയുന്നു. എല്ലാവരും തീയേറ്ററില്‍ റേച്ചല്‍ സിനിമ തീയേറ്ററില്‍ കാണുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി.'
2005ല്‍ വിനയന്‍ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന ഹണി റോസ് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും തന്റെ സിനിമാ ജീവിതം തുടങ്ങി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഭിനേത്രി എന്ന നിലയില്‍ ഒരു പുരസ്‌ക്കാരം ലഭിക്കുന്നത്.