ഓസ്‌കാറിൽ ഇടം നേടി ‘ഹോംബൗണ്ട്’
98 -ാമത് ഓസ്‌കാർ അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയിൽ ഇടംപിടിച്ച് ഹിന്ദി ചിത്രം ‘ഹോംബൗണ്ട്’. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായിട്ടാണ് നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത ചിത്രം ഇടം നേടിയിരിക്കുന്നത്. വിദേശ ഭാഷ വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും 15 സിനിമകളാണ് ഇടം നേടിയത്. 2025 ൽ കാൻ ഫിലിം ഫെസ്റ്റിവലിലും ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറൊന്റോ ഫിലിം ഫെസ്റ്റിവലിൽ പീപ്പിൾസ് ചോയ്‌സ് ഇന്റർനാഷ്ണൽ അവാർഡും ചിത്രം നേടി.
സെപ്റ്റംബർ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വടക്കേ ഇന്ത്യയിലെ ചെറിയൊരു ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ‘ഹോംബൗണ്ട്’. പൊലീസ് ഓഫീസർമാരാകാൻ ആഗ്രഹിക്കുന്ന രണ്ടു മതത്തിൽപ്പെട്ട സുഹൃത്തുക്കളും, തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളുമാണ് ചിത്രം പറയുന്നത്. ധർമ്മ പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. ബെനെഡിക്റ്റ് ടെയ്‌ലറും നരേൻ ചന്ദാവർക്കറും ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.