‘ഹൈവാൻ’ റിലീസ് തീയതി പുറത്ത്
ബോളിവുഡിലെ ഹിറ്റ് കോമ്പോയായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന, പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹൈവാൻ’ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു.
ബോളിവുഡിലെ ഹിറ്റ് കോമ്പോയായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന, പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹൈവാൻ’ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. കടുത്ത സസ്‌പെൻസും ഡ്രാമയും നിറഞ്ഞ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം 2026 സെപ്റ്റംബർ 11-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
അക്ഷയ് കുമാറിനൊപ്പം ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള പ്രിയദർശൻ, സെയ്ഫ് അലി ഖാനൊപ്പം ഒന്നിക്കുന്ന ആദ്യ ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർക്കൊപ്പം പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിളും ഈ ചിത്രത്തിനായി കൈകോർക്കുന്നു. ഒരേ ചിത്രത്തിൽ നാല് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നത് തന്നെയാണ് ‘ഹൈവാൻ’ എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അക്ഷയ് കുമാർ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഈ വർഷം പുറത്തിറങ്ങി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘ഭൂത് ബംഗ്ലാ’യ്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ ചിത്രത്തെ കാത്തിരിക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.