ശമ്പളം വാങ്ങിച്ച് അഭിനയിച്ചാല്‍ മതി, നിര്‍മ്മിക്കണ്ടെന്ന് പറഞ്ഞു ; ഖലീഫയെ കുറിച്ച് തമാശ പറഞ്ഞ് പൃഥ്വിരാജ്

ഓഗസ്റ്റ് ആദ്യ വാരം ലണ്ടനില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്

 

സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ രസകരമായ വാക്കുകള്‍ ആണ് ചര്‍ച്ചയാകുന്നത്.

\മലയാള സിനിമാപ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖലീഫ. പോക്കിരി രാജ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ രസകരമായ വാക്കുകള്‍ ആണ് ചര്‍ച്ചയാകുന്നത്.

'ഖലീഫ നിര്‍മിക്കാന്‍ ഒരു അവസരമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ചെയ്‌തേനേ. പക്ഷേ ജിനു എബ്രഹാം സമ്മതിച്ചില്ല. അയാള്‍ പറഞ്ഞു, വേണ്ട ശമ്പളം വാങ്ങിച്ച് അഭിനയിച്ചാല്‍ മതിയെന്ന്', എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ആമിര്‍ അലി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. കടുവ എന്ന ചിത്രത്തിന് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഖലീഫ. ബോളിവുഡ് താരം നീല്‍ നിഥിന്‍ മുകേഷ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഓഗസ്റ്റ് ആദ്യ വാരം ലണ്ടനില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാള്‍ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക.