സാരിയുടുത്ത് നാടകത്തില്‍ അഭിനയിച്ചു; ലെതര്‍ ബെല്‍റ്റുകൊണ്ട് അച്ഛന്‍ അടിച്ചു; രവി കിഷന്‍

ചെറുപ്പം മുതല്‍ക്കേ നാടകത്തോടും അഭിനയത്തോടുമായിരുന്നു തനിക്ക് താല്‍പര്യമെന്ന് രവി കിഷന്‍ പറഞ്ഞു.

 

സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെ അച്ഛന്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നും അതിന്റെ പേരില്‍ ശാരീരികമായ ഉപദ്രവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും രവി കിഷന്‍ വെളിപ്പെടുത്തി.

സിനിമ കരിയര്‍ ആരംഭിച്ച ആദ്യ നാളുകളില്‍ നേരിടേണ്ടിവന്ന കടുത്ത എതിര്‍പ്പുകളും കുടുംബത്തിലെ സംഘര്‍ഷങ്ങളും തുറന്നുപറഞ്ഞ് നടനും ബിജെപി എംപിയുമായ രവി കിഷന്‍. സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെ അച്ഛന്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നും അതിന്റെ പേരില്‍ ശാരീരികമായ ഉപദ്രവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും രവി കിഷന്‍ വെളിപ്പെടുത്തി. 'കോഫി വിത്ത് കരണ്‍' എന്ന ടോക്ക് ഷോയിലായിരുന്നു രവി കിഷന്റെ തുറന്നുപറച്ചില്‍.

ചെറുപ്പം മുതല്‍ക്കേ നാടകത്തോടും അഭിനയത്തോടുമായിരുന്നു തനിക്ക് താല്‍പര്യമെന്ന് രവി കിഷന്‍ പറഞ്ഞു. എന്നാല്‍ അച്ഛന് മകന്‍ സിനിമയിലെത്തുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അച്ഛന്‍ പാല്‍ക്കച്ചവടവും നടത്തിയിരുന്നു. കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്നോ അല്ലെങ്കില്‍ സര്‍ക്കാര്‍ ജോലി നേടണമെന്നോ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി അഭിനയലോകത്തേക്ക് കടക്കാനായിരുന്നു രവി കിഷന്റെ താല്‍പര്യം

രാംലീല നാടകത്തില്‍ സാരിയുടുത്ത് അഭിനയിച്ചതാണ് അച്ഛനെ ഏറെ പ്രകോപിപ്പിച്ചത്. നാടകത്തിലെ വേഷം കണ്ട് മടങ്ങിയെത്തിയതിനു പിന്നാലെ ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ച് തന്നെ ക്രൂരമായി മര്‍ദിച്ചു. 'നിനക്ക് ഒരു ആട്ടക്കാരിയാകാനാണോ ആഗ്രഹം?' എന്ന് ചോദിച്ചായിരുന്നു മര്‍ദനം. തൊണ്ണൂറുകളുടെ കാലത്ത് സിനിമയും അഭിനയവും പല കുടുംബങ്ങളിലും മാന്യമായ തൊഴിലായി അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും ഈ സാമൂഹിക കാഴ്ചപ്പാടും വീട്ടിലെ എതിര്‍പ്പിന് കാരണമായിരുന്നുവെന്നും രവി കിഷന്‍ പറഞ്ഞു.

അഭിനയത്തോടുള്ള താല്‍പര്യം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്നതോടെ അച്ഛനുമായുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമായി. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നായിരുന്നു പിതാവിന്റെ നിലപാട്. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് കരുതി അച്ഛന്‍ എന്നെ കൊല്ലാന്‍ വരെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അമ്മ എന്നെ അവിടെനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് എന്നായിരുന്നു രവി കിഷന്റെ വാക്കുകള്‍.