തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് താൻ ചെയ്തത്, അതിൽ ആർക്കെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നം : നടി ഹൻസിക കൃഷ്ണ
കോൺടെന്റ് ക്രിയേഷൻ ആരംഭിച്ചതിനെക്കുറിച്ചും അതിനോടൊപ്പമുള്ള വിദ്വേഷ കമന്റുകളെ നേരിട്ടതിനെക്കുറിച്ചും മനസ്സുതുറന്ന് നടി ഹൻസിക കൃഷ്ണ. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് താൻ ചെയ്തതെന്നും, അതിൽ ആർക്കെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹൻസിക വ്യക്തമാക്കി.
കോൺടെന്റ് ക്രിയേഷൻ ആരംഭിച്ചതിനെക്കുറിച്ചും അതിനോടൊപ്പമുള്ള വിദ്വേഷ കമന്റുകളെ നേരിട്ടതിനെക്കുറിച്ചും മനസ്സുതുറന്ന് നടി ഹൻസിക കൃഷ്ണ. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് താൻ ചെയ്തതെന്നും, അതിൽ ആർക്കെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹൻസിക വ്യക്തമാക്കി.
പതിനാല് വയസ്സുള്ളപ്പോഴാണ് ഹൻസിക കോൺടെന്റ് ക്രിയേഷൻ രംഗത്തേക്ക് എത്തുന്നത്. കുടുംബത്തോടൊപ്പം ചേർന്ന് എന്തെങ്കിലും ചെയ്യാമെന്ന ആലോചനയിൽ നിന്നായിരുന്നു ആ തുടക്കം. എന്നാൽ തുടക്കകാലത്ത് തന്നെ നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വന്നു. പതിനാലര വയസ്സോട് അടുത്ത പ്രായത്തിൽ ഇത്തരം വിദ്വേഷങ്ങൾ കണ്ടപ്പോൾ ഏറെ വിഷമം തോന്നിയിരുന്നെന്നും, എന്തിനാണ് എല്ലാവരും ഇങ്ങനെ വെറുപ്പ് കാണിക്കുന്നതെന്ന് സഹോദരിമാരോട് ചോദിക്കാറുണ്ടായിരുന്നെന്നും നടി ഓർത്തെടുത്തു. തനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പോലും അന്ന് ചിന്തിച്ചിരുന്നുവെങ്കിലും, ജീവിതം അങ്ങനെയാണെന്നും വിഷമിച്ച് ഇത് നിർത്താൻ ആലോചിക്കേണ്ടതില്ലെന്നും അച്ഛനും സഹോദരിമാരും നൽകിയ പിന്തുണ വലിയ കരുത്തായി മാറി.
കോവിഡ് കാലത്ത് ലഭിച്ച ഒഴിവുസമയത്താണ് സ്വന്തം ഇഷ്ടപ്രകാരം വീഡിയോകൾ ചെയ്തു തുടങ്ങിയത്. പിന്നീട് ധാരാളം സബ്സ്ക്രൈബർമാരും ഫോളോവേഴ്സും ലഭിച്ചു. പ്രേക്ഷകരിൽ നിന്നും കുട്ടികളിൽ നിന്നും ലഭിച്ച സ്നേഹം കണ്ടതോടെ, വശങ്ങളിൽ നിന്നുള്ള വിദ്വേഷ കമന്റുകൾ നോക്കി നിർത്തിപ്പോകാൻ തോന്നിയില്ല. ആ സ്നേഹം താൻ ഏറെ ഇഷ്ടപ്പെട്ടുവെന്നും ഹൻസിക പറഞ്ഞു.
ഈ രംഗത്ത് എത്തിയിട്ട് ഏഴ് വർഷമായി. ഇപ്പോഴും വിദ്വേഷ കമന്റുകൾ ഉണ്ടെങ്കിലും, താൻ പിന്നോട്ട് പോയിട്ടില്ലെന്നും വളർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും ഹൻസിക ചൂണ്ടിക്കാട്ടി. ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്നും നിരന്തരം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നടി വ്യക്തമാക്കി. വിദ്വേഷങ്ങൾ എപ്പോഴും ഉണ്ടാകുമെങ്കിലും പോസിറ്റിവിറ്റിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുന്നോട്ട് പോകണമെങ്കിൽ ആദ്യം സ്വയം വിശ്വസിക്കണമെന്നും ഹൻസിക കൂട്ടിച്ചേർത്തു.