'സര്‍ക്കാര്‍ വാക്ക് മറന്നു, ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണം'; റാപ്പര്‍ വേടന് അവാര്‍ഡ് നല്‍കിയതിനെതിരെ ദീദി ദാമോദരന്‍

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയില്‍ വേടന്‍ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്.

 

സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്ക് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന് ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു.

'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയില്‍ വേടന്‍ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അര്‍ഹനാക്കിയത്.
പോസ്റ്റിങ്ങനെ

വിയര്‍പ്പ് തുന്നിയിട്ട കുപ്പായം 
അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം '
എന്ന വരികള്‍  ഉദാത്തമാണ്.
 എന്നാല്‍  ഇരുളിന്റെ മറവില്‍ ആ  പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍  ആ പുരസ്‌കാരം ഒരന്യായമാണ്.
 ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകം   മായ്ക്കാനോ മറയ്ക്കാനോ ആവില്ല.
സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോണ്‍ക്ലേവില്‍  സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം .  
കോടതി കയറിയാല്‍ പോലും  ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തതിന്  ഫിലിം  ജൂറി  പെണ്‍കേരളത്തോട്  മാപ്പ് പറയാന്‍ ബാദ്ധ്യസ്ഥരാണ്. 
# അവള്‍ക്കൊപ്പം