‘ഗുഡ് ബാഡ് അഗ്ലി’യിൽ നിന്ന് നടൻ നസ്‌ലെൻ അവസാന നിമിഷം പിന്മാറി എന്ന വാർത്തകൾ വ്യാജം ; സംവിധായകൻ ആദിക് രവിചന്ദ്രൻ

 തമിഴ് സൂപ്പർ താരം അജിത്ത് നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിൽ നിന്ന് നടൻ നസ്‌ലെൻ അവസാന നിമിഷം പിന്മാറിയെന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകളിൽ വസ്‌തുതയില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ആദിക് രവിചന്ദ്രൻ. ‘പ്രേമലു 2’ വിവാദങ്ങൾ ഉയർന്ന

 

 തമിഴ് സൂപ്പർ താരം അജിത്ത് നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിൽ നിന്ന് നടൻ നസ്‌ലെൻ അവസാന നിമിഷം പിന്മാറിയെന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകളിൽ വസ്‌തുതയില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ആദിക് രവിചന്ദ്രൻ. ‘പ്രേമലു 2’ വിവാദങ്ങൾ ഉയർന്ന വന്ന പശ്ചാത്തലത്തിൽ വിമർശകർ ഈ വിഷയവും വീണ്ടും ഉന്നയിച്ചിരുന്നു. എന്നാൽ നസ്‌ലെൻ ഈ ചിത്രം ഒരിക്കലും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ‘ബിഹൈൻഡ് വുഡ്സിന്’ നൽകിയ അഭിമുഖത്തിൽ ആദിക് വ്യക്തമാക്കി.

നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന്റെ ഓഫീസിൽ വെച്ചാണ് താൻ നസ്‌ലെനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും എന്ന് ആദിക് പറയുന്നു. ‘പ്രേമലു’വിന്റെ വലിയ വിജയത്തിന് ശേഷം നിർമ്മാതാക്കളാണ് നസ്‌ലെനെക്കുറിച്ച് തന്നോട് സംസാരിക്കുന്നത്. അന്ന് ചെന്നൈയിലുണ്ടായിരുന്ന നസ്‌ലെനെ നിർമ്മാതാക്കൾ ഓഫീസിലേക്ക് ക്ഷണിക്കുകയും തങ്ങൾ തമ്മിൽ പരിചയപ്പെടുകയും ചെയ്തു. വളരെ എനർജെറ്റിക്കായ ഒരു ചെറുപ്പക്കാരനാണ് നസ്‌ലെനെന്നും ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അജിത് സാറിന്റെ ചിത്രമാണെന്ന് താൻ മറുപടി നൽകിയെന്നും ആദിക് ഓർത്തെടുത്തു.

ഈ ചിത്രത്തിൽ നസ്‌ലെന് അനുയോജ്യമായ വേഷമുണ്ടോ എന്ന് നിർമ്മാതാക്കൾ ചോദിച്ചപ്പോൾ, അത് നടക്കില്ലെന്നാണ് താൻ മറുപടി നൽകിയതെന്ന് ആദിക് വെളിപ്പെടുത്തി. “ഇദ്ദേഹം ഒരു വലിയ ഹീറോ ആയി വളരേണ്ട നടനാണ്. നമ്മുടെ ചിത്രത്തിൽ അത്രയും സ്ക്രീൻ സ്‌പേസുള്ള കഥാപാത്രമില്ല. അജിത് സർ-നസ്‌ലെൻ കോമ്പോ നല്ലതായിരിക്കും, പക്ഷേ അതിനൊരു മുഴുനീള അച്ഛൻ-മകൻ കഥ ആവശ്യമാണ്. ഈ സിനിമയിൽ മകന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവാണ്” എന്ന് താൻ നിർമ്മാതാക്കളോട് വ്യക്തമാക്കി. ഇക്കാര്യം അവിടെവച്ച് തന്നെ നസ്‌ലെനോടും സംസാരിച്ചിരുന്നു. അല്ലാതെ ചിത്രത്തിൽ കരാർ ഒപ്പിട്ട ശേഷം നസ്‌ലെൻ പിന്മാറി എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ആദിക് കൂട്ടിച്ചേർത്തു.