ആഗോള തലത്തില്‍ വന്‍ നേട്ടവുമായി 'എക്കോ'

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എക്കോ. കിഷ്‍കിന്ധാ കാണ്ഡത്തിന്‍റെ രചയിതാവും സംവിധായകനും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് മറ്റൊരു ബിഗ് സ്ക്രീന്‍ മാജിക് ആയിരുന്നു
 

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എക്കോ. കിഷ്‍കിന്ധാ കാണ്ഡത്തിന്‍റെ രചയിതാവും സംവിധായകനും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് മറ്റൊരു ബിഗ് സ്ക്രീന്‍ മാജിക് ആയിരുന്നു. മലയാള ചിത്രങ്ങളോട് മുന്‍നിര ഒടിടി പ്ലാറ്റ്‍ഫോമുകള്‍ അകല്‍ച്ച കാണിക്കുന്ന സമകാലിക സാഹചര്യത്തില്‍ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയതും ഇന്‍ഡസ്ട്രിയുടെ ശ്രദ്ധ നേടിയിരുന്നു. 

മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം ഒടിടിയിലും വലിയ പ്രതികരണങ്ങളാണ് നേടിയത്. പ്രത്യേകിച്ചും ചിത്രം തിയറ്ററില്‍ കാണാത്ത മറുഭാഷാ പ്രേക്ഷകരില്‍ നിന്ന്. ഇപ്പോഴിതാ ആഗോള പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ഉണ്ടാക്കിയ നേട്ടം സംബന്ധിച്ച് ഏറ്റവും ആധികാരികമായ കണക്ക് പുറത്തെത്തിയിരിക്കുകയാണ്.

തങ്ങളുടെ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെയും സിരീസുകളുടെയും, കാഴ്ചയുടെയും ട്രെന്‍ഡിന്‍റെയും കണക്കുകള്‍ നെറ്റ്ഫ്ലിക്സ് തന്നെ പ്രതിവാരം അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സ് ടോപ്പ് 10 ന്‍റെ ആഗോള ലിസ്റ്റില്‍ തന്നെ ഉള്‍പ്പെട്ടിരിക്കുകയാണ് ചിത്രം. നെറ്റ്ഫ്ലിക്സില്‍ പോയ വാരം (ഡിസംബര്‍ 29- ജനുവരി 4) ഇംഗ്ലീഷ് ഇതര ചിത്രങ്ങളില്‍ ആഗോള തലത്തില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട ഏഴാമത്തെ ചിത്രം എക്കോ ആണ്. 14 ലക്ഷം കാഴ്ചകളാണ് പ്രസ്തുത വാരത്തില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മണിക്കൂറിന്‍റെ കണക്കെടുത്താല്‍ 30 ലക്ഷം മണിക്കൂറുകളും നെറ്റ്ഫ്ലിക്സില്‍ ചിത്രം കാണപ്പെട്ടിട്ടുണ്ട്.

ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇയില്‍ നമ്പര്‍ വണ്ണുമാണ് ചിത്രം. ബംഗ്ലാദേശ്, ബഹ്റിന്‍, കുവൈറ്റ്, ശ്രീലങ്ക, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍ എന്നിവയാണ് ചിത്രം ടോപ്പ് 10 ല്‍ എത്തിയ മറ്റ് രാജ്യങ്ങള്‍. ഹഖ് (ഹിന്ദി), സിംഗിള്‍ സല്‍മ (ഹിന്ദി), ആന്ധ്ര കിംഗ് താലുക്ക (തെലുങ്ക്), രാത് അകേലി ഹേ- ദി ബെന്‍സാല്‍ മര്‍ഡേഴ്സ് (ഹിന്ദി), റിവോള്‍വര്‍ റീത (തമിഴ്) എന്നിവയാണ് നെറ്റ്ഫ്ലിക്സിന്‍റെ ഗ്ലോബല്‍ ടോപ്പ് 10 ല്‍ ഈ വാരമുള്ള മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. ഇതില്‍ ഹഖ്, സിംഗിള്‍ സല്‍മ എന്നിവയാണ് ലിസ്റ്റില്‍ എക്കോയേക്കാള്‍ മുകളിലുള്ളത്. ഡിസംബര്‍ 31 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇത്രയും ദിവസങ്ങള്‍ക്കിപ്പുറവും അതേ ആവേശത്തോടെ ചിത്രത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയാ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്