‘ഒന്നുമില്ലായ്മയിൽ അന്ന് അദ്ദേഹം പങ്കുവെച്ച സമ്മാനങ്ങളാണ് ഏറ്റവും വിലപിടിപ്പുള്ളത്’ - കലാഭവൻ മണിയുടെ ജന്മദിനത്തിൽ കുറിപ്പുമായി ടിനി ടോം
അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് നടൻ ടിനി ടോം. സിനിമയിൽ മുഖം കാണിക്കുന്നതിന് മുമ്പ് സ്റ്റേജ് ഷോകൾക്കായി വിദേശത്തേക്ക് ഒരുമിച്ചു നടത്തിയ യാത്രകളെക്കുറിച്ചുള്ള ഓർമകളാണ് ടിനി ടോം പങ്കുവെച്ചത്. ഒന്നുമില്ലായ്മയിൽ കലാഭവൻ മണി അന്ന് പങ്കുവെച്ച സമ്മാനങ്ങളാണ് ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ളതെന്ന് ടിനി ടോം ഓർത്തു.

2016-ൽ 45-ാം വയസ്സിലാണ് കലാഭവൻ മണി അകാലത്തിൽ വിടപറഞ്ഞത്. കരൾരോഗ ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചാലക്കുടി ചേനത്തുനാട് കുന്നിശ്ശേരി രാമന്റേയും അമ്മിണിയുടേയും മകനായി 1971 ജനുവരി ഒന്നിനാണ് മണി ജനിച്ചത്.
ടിനി ടോമിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
ജനുവരി ഒന്ന്. ഇന്നാണ് മണിച്ചേട്ടന്റെ ജന്മദിനം. എനിക്ക് 19 വയസുള്ളപ്പോളാണ് എന്റെ സ്വപ്‌ന തുല്യമായ ആദ്യവിദേശവിമാനയാത്ര, ഗൾഫിലേക്കു. സെഞ്ച്വറി മമ്മിക്കയും, സിദ്ധിക്കയും, നാദിർഷിക്കയും നയിക്കുന്ന ആ ഷോയിൽ, സിനിമയിൽ മുഖം കാണിക്കാത്തവരായി ഞാനും മണിച്ചേട്ടനും മാത്രം. പലപ്പോഴും ഒരുമിച്ച് ഒരുമുറിയിൽ ഒരു കട്ടിലിൽ. പ്രധാനപ്പെട്ടവരെ സത്കരിക്കാനും പുറത്തു കറക്കാനും പ്രവാസികൾ വരി നിൽക്കുമ്പോൾ ഞങ്ങൾ പലപ്പോഴും ഏകാന്തതയിൽ ആയിരുന്നു.
മണിച്ചേട്ടന് പരിചയമുള്ള ആരെങ്കിലുമൊക്കെ വരുമ്പോൾ ഒറ്റയ്ക്കാകുന്ന എന്നെയും കൂട്ടുമായിരുന്നു. അവർ മേടിച്ചു കൊടുക്കുന്ന ഗൾഫ് മുണ്ടും, ഈത്തപ്പഴവും, വാച്ചും, വെൽവെറ്റ് പുതപ്പും ചേട്ടൻ എനിക്കും പങ്കുവെയ്ക്കുമായിരുന്നു. ഒന്നുമില്ലായ്മയിൽ മണിച്ചേട്ടൻ എനിക്ക് അന്ന് പങ്കുവച്ച സമ്മാനങ്ങളാണ് ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ളത്. ഹാപ്പി ബെർത്ത് ഡേ മണിച്ചേട്ടാ.