‘ഗാട്ട കുസ്തി 2’ നാളെ തിയേറ്ററുകളിൽ എത്തും   

 വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സ്പോർട്സ് ഫാമിലി ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ തിയേറ്ററുകളിലേക്ക് എത്താൻ പൂർണ്ണ സജ്ജമായി
 

 വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സ്പോർട്സ് ഫാമിലി ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ തിയേറ്ററുകളിലേക്ക് എത്താൻ പൂർണ്ണ സജ്ജമായി. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ വിജയകരമായി പൂർത്തിയായിരിക്കുകയാണ്. സെൻസർ ബോർഡിൽ നിന്നും ക്ലീൻ ‘U’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ വരുന്ന ജൂലൈ 3-ന് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ ഇ 4 എന്റർടൈൻമെന്റ്സ് ആണ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് ‘ഗാട്ട കുസ്തി 2’ ഒരുങ്ങുന്നത്. മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അവതരിപ്പിക്കുന്ന ‘വീര’, ‘കീർത്തി’ എന്നീ ജനപ്രിയ കഥാപാത്രങ്ങളുടെയും അവരുടെ മകളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന പുതിയതും രസകരവുമായ സംഭവവികാസങ്ങളാണ് രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആക്ഷനും സ്പോർട്സിനും ഒപ്പം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒട്ടനവധി കോമഡി-ഇമോഷണൽ രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലറിന് പുറമെ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറി കഴിഞ്ഞു. പക്കാ ഫാമിലി എന്റർടൈനർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗം പോലെ തന്നെ തിയേറ്ററുകളിൽ വലിയൊരു ദൃശ്യവിരുന്ന് സമ്മാനിക്കാൻ ചിത്രത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.