കുഞ്ചാക്കോ ബോബൻ ചിത്രം ‘ഹെയ്ൽ മേരി’യിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  

 

 ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഹെയ്ൽ മേരി’. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു രവികുമാറാണ്. സിനിമയുടെ ഔദ്യോഗിക ടൈറ്റിലും ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ഹൃദ്യമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിക്കഴിഞ്ഞു.

റോബി വർഗ്ഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് നിർമ്മാതാക്കൾ. മികച്ച വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയിലൊരുങ്ങുന്ന ‘ഹെയ്ൽ മേരി’ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.