‘കര’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
തമിഴ് സിനിമയിലെ മുൻനിര താരം ധനുഷും മലയാളികൾക്ക് പ്രിയങ്കരിയായ മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘കര’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പുറത്തുവന്നു. ‘പോർ തൊഴിൽ’ എന്ന സൂപ്പർ ഹിറ്റ് ക്രൈം
തമിഴ് സിനിമയിലെ മുൻനിര താരം ധനുഷും മലയാളികൾക്ക് പ്രിയങ്കരിയായ മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘കര’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പുറത്തുവന്നു. ‘പോർ തൊഴിൽ’ എന്ന സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലറിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൊങ്കൽ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ധനുഷിന്റെ വ്യത്യസ്തമായ ഗെറ്റപ്പിനൊപ്പം മമിത ബൈജു കൂടി എത്തുന്നതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇന്ന് പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 2026 ഏപ്രിൽ 30-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മമിത ബൈജുവിന്റെ തമിഴിലെ വലിയ പ്രോജക്റ്റുകളിൽ ഒന്നായി ‘കര’ മാറുമെന്നാണ് കരുതപ്പെടുന്നത്. മികച്ച പ്രമേയവും വിഘ്‌നേഷ് രാജയുടെ സംവിധാന ശൈലിയും ഒത്തുചേരുമ്പോൾ തമിഴ് സിനിമയിലെ അടുത്ത വമ്പൻ ഹിറ്റ് തന്നെയാകും ഇതെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.
ധനുഷിന്റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയത് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘ഇഡ്‌ലി കടൈ’ ആയിരുന്നു. നിത്യ മേനൻ നായികയായി എത്തിയ ഈ ചിത്രം ‘തിരുച്ചിദ്രമ്പലം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രം കൂടിയായിരുന്നു. ശാലിനി പാണ്ഡെയും പ്രധാന വേഷത്തിലെത്തിയ ചിത്രം നിർമ്മിച്ചത് വണ്ടർബാർ ഫിലിംസും ഡോൺ പിക്ചേഴ്സും ചേർന്നായിരുന്നു. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ധനുഷ് നായകനായി എത്തുന്ന ‘കര’ ബോക്സ് ഓഫീസിലും വലിയ ഓളം സൃഷ്ടിക്കുമെന്നുറപ്പാണ്.