ആകെ 183 ചിത്രങ്ങള്‍; ഹിറ്റുകളും ഫ്ലോപ്പുകളും ഇവ ; കണക്കുകളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
മലയാള സിനിമയ്ക്ക് ഈ വര്‍ഷം ഉണ്ടായ ലാഭ നഷ്ട കണക്കുകളുടെ പട്ടികയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. 2025 ല്‍ മലയാള സിനിമകള്‍ ആകെ നേരിട്ട നഷ്ടം 360 കോടിയുടേതാണ്. ഈ വര്‍ഷം ഇതുവരെ 183 ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടതില്‍ തിയറ്ററുകളില്‍ നേട്ടം കൊയ്തത് 15 ചിത്രങ്ങള്‍ മാത്രമാണ്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമ്മാതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു. തിയറ്ററില്‍ മികച്ച കളക്ഷന്‍ ലഭിച്ച 15 ചിത്രങ്ങളില്‍ എട്ട് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന അറിയിക്കുന്നു.
ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം സൂപ്പർ ഹിറ്റുകൾ. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവ ഏഴ് ഹിറ്റുകളും. ബാക്കി 168 ചിത്രങ്ങളും തിയറ്ററുകളിൽ നഷ്ടമാണെന്ന് നിർമാതാക്കളുടെ സംഘടന വിലയിരുത്തുന്നു. ഇങ്ങനെ പോയാൽ വൈകാതെ മലയാളത്തിൽ സിനിമാ നിർമ്മാണം കുറയുമെന്നാണ് കണക്കുകൾ പുറത്തുവിട്ട് നിർമ്മാതാക്കള്‍ പറയുന്നത്. മോഹൻലാൽ ചിത്രം വൃഷഭ, നിവിൻ പോളി ചിത്രം സർവം മായ ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ കൂടി ക്രിസ്മസിന് തിയറ്ററുകളിൽ എത്താനുണ്ട്. ക്രിസ്മസ് റിലീസുകളുടെ ബോക്സ് ഓഫീസ് പ്രകടനം എത്തരത്തില്‍ ആയിരിക്കുമെന്ന് ഇന്‍ഡസ്ട്രി കൗതുകപൂര്‍വ്വം കാത്തിരിക്കുന്നുണ്ട്.
അതേസമയം സര്‍ക്കാരുമായി നിസ്സഹകരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ഫിലിം ചേംബര്‍. സര്‍ക്കാര്‍ തിയറ്ററുകള്‍ക്ക് സിനിമ പ്രദര്‍ശനത്തിന് നല്‍കേണ്ടെന്നാണ് തീരുമാനം. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ പൂര്‍ണ്ണമായും ബഹിഷ്കരിക്കാനാണ് തീരുമാനമെന്നും ജനുവരി മുതല്‍ സര്‍ക്കാരുമായി യാതൊരു സഹകരണവുമില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.