ആരാധകര്‍ക്ക് നിരാശ ; ബാലയ്യ ചിത്രം അഖണ്ഡ 2 റിലീസ് മാറ്റിവച്ചു
നിര്‍മാതാക്കളുടെ മുന്‍ സിനിമയുമായി ബന്ധപ്പെട്ട ചില ഫിനാന്‍ഷ്യല്‍ പ്രശ്‌നങ്ങളാണ് ബാലയ്യ ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.
ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കള്‍.
ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് അഖണ്ഡ 2 . സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ 2-നായി കാത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ 14 റീല്‍സ്. നിര്‍മാതാക്കളുടെ മുന്‍ സിനിമയുമായി ബന്ധപ്പെട്ട ചില ഫിനാന്‍ഷ്യല്‍ പ്രശ്‌നങ്ങളാണ് ബാലയ്യ ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും സിനിമാപ്രേമികള്‍ നേരിട്ട അസൗകര്യത്തില്‍ തങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു എന്നും നിര്‍മാതാക്കള്‍ എക്‌സിലൂടെ അറിയിച്ചു. റിലീസ് മാറ്റിവെച്ചതില്‍ വലിയ നിരാശയിലാണ് ബാലയ്യ ആരാധകര്‍. ആഘോഷങ്ങളോടെ വലിയ വരവേല്‍പ്പായിരുന്നു അവര്‍ സിനിമയ്ക്കായി ഒരുക്കിയിരുന്നത്. എന്നാല്‍ റിലീസ് മാറ്റിവെച്ചതോടെ അതെല്ലാം മുടങ്ങി എന്നാണ് അവര്‍ എക്‌സിലൂടെ കുറിക്കുന്നത്