വീട്ടിലുള്ളവർക്ക് പ്രണയവിവാഹം എന്നൊക്കെ പറയുന്നത് എന്തോ ഒരു തെറ്റ് പോലെയായിരുന്നു, സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ എന്റെ വിവാഹം കഴിഞ്ഞേനെ ; അനിഷ്മ അനിൽകുമാർ
തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളി താരം അനിഷ്മ അനിൽകുമാർ പങ്കുവെച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജെഎഫ്ഡബ്ല്യു ബിഞ്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും മനസ്സ് തുറന്നത്. താൻ സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ കല്യാണം കഴിച്ച് ജീവിക്കേണ്ടി വരുമായിരുന്നെന്നാണ് താരം വെളിപ്പെടുത്തിയത്.
“എപ്പോഴാണോ നമ്മൾ സാമ്പത്തികമായി ഇൻഡിപെൻഡന്റ് ആകുന്നത്, അപ്പോഴേ അവർ നമ്മുടെ വാക്കുകൾക്ക് വില തരുകയുള്ളൂ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ വീട്ടുകാർ എന്റെ അറേഞ്ച്ഡ് മാര്യേജ് നടത്തിയേനെ. കാരണം, ഞാൻ വരുന്ന ചുറ്റുപാടും സാഹചര്യവുമൊക്കെ അങ്ങനെയാണ്. വീടിനടുത്തുള്ള എനിക്കറിയാവുന്ന എല്ലാവരുടെയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്താണെങ്കിലും അതിനുശേഷമുള്ള സമയത്താണെങ്കിലും വീട്ടിലുള്ളവർക്ക് പ്രണയവിവാഹം എന്നൊക്കെ പറയുന്നത് എന്തോ ഒരു തെറ്റ് പോലെയായിരുന്നു,” അനിഷ്മ പറഞ്ഞു.
അച്ഛനും അമ്മയും ജീവിതപങ്കാളിയെ കണ്ടെത്തിത്തരുമെന്നും അവർ പറയുന്നയാളെ വിവാഹം കഴിക്കണമെന്നതുമൊക്കെയാണ് സാധാരണ കാര്യമായി വീട്ടുകാർ കരുതുന്നതെന്നും താരം വ്യക്തമാക്കി. സിനിമയില്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന്, ഏതെങ്കിലും സർക്കാർ ജോലിക്കായി പി.എസ്.സി. പഠിക്കുമായിരുന്നുവെന്നും എന്നാൽ താൽപ്പര്യമില്ലാത്തതിനാൽ അതിൽ വിജയിക്കില്ലെന്നും, ഒടുവിൽ വീട്ടുകാർ തന്നെ വിവാഹം കഴിപ്പിച്ചയച്ചേനെ എന്നും അനിഷ്മ തുറന്നുപറഞ്ഞു.
തന്റെ അഭിപ്രായങ്ങൾക്ക് വില ലഭിക്കാനും സ്വന്തമായി ഒരു തീരുമാനം എടുക്കാനുള്ള സ്പേസ് ലഭിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം അത്യാവശ്യമാണെന്ന് താരം കൂട്ടിച്ചേർത്തു. എന്നാൽ, മുൻപ് അങ്ങനെയൊക്കെയായിരുന്നു ചിന്തയെങ്കിലും ഇപ്പോൾ തന്റെ കരിയറിന് വീട്ടിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്നും, തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് ഇപ്പോൾ വീട്ടുകാർ പറയാറുള്ളതെന്നും അനിഷ്മ അഭിമുഖത്തിൽ വ്യക്തമാക്കി.