കഥാപാത്രങ്ങള്‍ക്ക് മാത്രമാണ് ഫഹദ് പ്രാധാന്യം കൊടുക്കുന്നത് ; ഇമേജിനെ കുറിച്ച് ആശങ്കപ്പെടുന്നില്ല ; സൂര്യ
കഥാപാത്രത്തിന്റെയും ഉള്ളടക്കത്തിന്റെയും കാതലായ വശം മാത്രമാണ് ഫഹദ് നോക്കുന്നത്;
ഫഹദുമായി ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. നിങ്ങളുടെ കാര്യങ്ങളെല്ലാം എന്നോട് പങ്കുവെച്ചതില്‍ ഒരുപാട് നന്ദിയുണ്ട്.
ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയ്നര്‍ 'ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍' തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലറ്റിയാണ്. ഇപ്പോഴിതാ സിനിമയുടെ തമിഴ്‌നാട് പ്രമോഷന്‍ ഇവന്റില്‍ ഫഹദ് ഫാസിലിനെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ഇമേജി'നെക്കുറിച്ച് അഭിനേതാക്കള്‍ ആശങ്കപ്പെടുന്ന സാഹചര്യത്തില്‍ കഥാപാത്രങ്ങള്‍ക്ക് മാത്രമാണ് ഫഹദ് പ്രാധാന്യം കൊടുക്കുന്നതിന്ന് സൂര്യ പറയുന്നു.
ഫഹദുമായി ഞാന്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പാതിരാത്രിയും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇടയില്‍ ഒരുപാട് ഓര്‍മകളുണ്ട്. ഞങ്ങള്‍ രണ്ട് പേരും കരിയര്‍ ആരംഭിച്ചപ്പോള്‍ എന്തെല്ലാം വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തമ്മില്‍ എന്തെല്ലാം സാമ്യതകളുണ്ടെന്നും എല്ലാം സംസാരിച്ചിട്ടുണ്ട്. ഒരുപാട് തട്ടിതടഞ്ഞ് വീണാണ് ഞങ്ങള്‍ രണ്ട് പേരും എഴുന്നേറ്റ് നില്‍ക്കാന്‍ പഠിച്ചത്. ഇത്തരം വിഷയങ്ങളെല്ലാം ഫഹദുമായി ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. നിങ്ങളുടെ കാര്യങ്ങളെല്ലാം എന്നോട് പങ്കുവെച്ചതില്‍ ഒരുപാട് നന്ദിയുണ്ട്.
ചില സിനിമകള്‍ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും, മറ്റു ചിലര്‍ക്ക് അത് ഇഷ്ടപ്പെടില്ല എന്നൊക്കെ നമ്മള്‍ എപ്പോഴും കണക്കുകൂട്ടാറുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ നമ്മുടെ 'ഇമേജി'നെക്കുറിച്ച് എപ്പോഴും ആശങ്ക ഉണ്ടാകാറുണ്ട്. എന്നാല്‍ ഫഹദ് ഫാസിലിന് അങ്ങനെയൊരു ചിന്തയില്ല. അത്തരം കാര്യങ്ങളിലെ എന്റെ കണക്കുകൂട്ടലുകള്‍ പലപ്പോഴും തെറ്റാറാണ് പതിവ്. കഥാപാത്രത്തിന്റെയും ഉള്ളടക്കത്തിന്റെയും കാതലായ വശം മാത്രമാണ് ഫഹദ് നോക്കുന്നത്; ആ രീതി ഞാന്‍ ഇപ്പോഴും മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഒരു കഥാപാത്രമാക്കാന്‍ ട്രൈ ചെയ്യുമ്പോള്‍ ഫഹദ് ആ ക്യാരക്ടര്‍ ആയി കഴിഞ്ഞിട്ടുണ്ടാകും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. പ്രൊഡ്യൂസര്‍ ആയി വന്നപ്പോഴും അടിപൊളിയാണ്. ഫഹദ് എന്നെ ചേട്ടാ എന്ന് വിളിച്ചതില്‍ നല്ല സന്തോഷം ഉണ്ട്, ഇനി അത് മാറ്റി സാറേ എന്ന് വിളിക്കരുത്; സൂര്യ പറഞ്ഞു.