‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ ഒന്നിന് തിയേറ്ററുകളിൽ എത്തും 

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ ഒന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

 

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ ഒന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. നിവിൻ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ചിത്രം, ഗൗതം രാമചന്ദൻ ചിത്രം ‘റിച്ചി’ക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിക്കുന്ന പ്രധാന സിനിമ കൂടിയാണ്.

8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന. തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. കൂടാതെ, റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ‘വി പ്രോ ബിഗ് സ്‌ക്രീൻ അവാർഡിനായി’ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന ഒരു അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. രവി മരിയ, എൻ. അഴക പെരുമാൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.